ജൂലൈ 28 ന് ആയിരുന്നു ദുൽഖർ സൽമാന്റെ പിറന്നാൾ. എന്നാൽ, അന്നേദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് മമ്മൂട്ടിയുടെ ഒരു ഫോട്ടോ ആയിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്ന് ക്യാപ്‌ഷൻ നൽകികൊണ്ടായിരുന്നു മമ്മൂട്ടി പോസ്റ്റ് ചെയ്തത്. മകന്റെ പിറന്നാൾ ആയിട്ട് അതിനൊരു വിഷ് ചെയ്യാതെ പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ നേർന്ന മമ്മൂട്ടിയെ സോഷ്യൽ മീഡിയ ട്രോളിയിരുന്നു. ഒപ്പം, ദുൽഖറിന്റെ പിറന്നാൾ ആയിട്ട് സ്വന്തം ചിത്രമാണോ പോസ്റ്റ് ചെയ്യുന്നത് എന്നൊക്കെയുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നു.
ഇപ്പോഴിതാ ആ ചിത്രം പോസ്റ്റ് ചെയ്തതിനെ പറ്റിയും ആരാധകരുടെ ട്രോളുകൾ പറ്റിയും പറയുകയാണ് മമ്മൂട്ടി. അത് അറിയാതെ ഇട്ട പോസ്റ്റാണ് എന്നും അവന്റെ പിറന്നാളാണെന്നത് മറന്നു പോയതാണെന്നും മമ്മൂട്ടി പറയുന്നു. അവന്റെ പിറന്നാൾ പോസ്റ്റ് ഇടാൻ മറന്നുപോയതാണ്. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല എന്നും മമ്മൂട്ടി പറഞ്ഞു.
ആരാധകരെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടും പുതിയ സിനിമയായ കണ്ണൂർ സ്ക്വാഡിന്റെ പ്രൊമോഷൻ പരിപാടിയിൽ മമ്മൂട്ടി പങ്കുവെച്ചിരുന്നു. ‘ആരാധകരാണ് എല്ലാം. പലതരം ആരാധനയുണ്ട്. ആരാധകർക്ക് ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. പക്ഷേ ചിലയാളുകൾക്ക് അവർക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ അത് ദേഷ്യമായിമാറും. അങ്ങനെ ഒത്തിരിപേർക്ക് എന്നോട് ദേഷ്യമുണ്ട്. ഇത് എന്റെ മാത്രം കുറ്റം കൊണ്ടല്ല. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ എടുക്കുന്നില്ല. എന്റെ ആരാധകർ അതൊന്ന് മനസിലാക്കിയാൽ മതി’, മമ്മൂട്ടി പറഞ്ഞു.
Post Your Comments