ഭോപ്പാല്‍: മധ്യപ്രദേശിലെ ഷാഹ്‌ദോലില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചതിനെ തുടര്‍ന്ന്, മുഖ്യപ്രതി ഷദാബ് ഉസ്മാനിയുടെ വീട് മധ്യപ്രദേശ് സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഉസ്മാനിയുടെ വീട് പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതേത്തുടര്‍ന്ന്, അധികൃതര്‍ ചൊവ്വാഴ്ച രാവിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീട് തകര്‍ക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഉസ്മാനിയും സുഹൃത്തുക്കളും യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയത്. അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി, അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം യുവതി മരണത്തിന് കീഴടങ്ങി.
ഷദാബ് ഉസ്മാനിയെ കൂടാതെ സുഹൃത്തുക്കളായ രാജേഷ് സിങ്ങും സോനു ജോര്‍ജും ചേര്‍ന്നാണ് 28 കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഉസ്മാനി, യുവതിയുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ, ശനിയാഴ്ച ജില്ലാ ആസ്ഥാനമായ ഷാഹ്ദോലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ക്ഷീര്‍സാഗര്‍ പ്രദേശത്തേയ്ക്ക് ഇരുവരും വിനോദയാത്രയ്ക്ക് പോയിരുന്നു.
ക്ഷീര്‍സാഗറിലെത്തിയ ശേഷം ഉസ്മാനി, തന്റെ രണ്ട് സുഹൃത്തുക്കളെ സംഭവസ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും ഇവര്‍ യുവതിയെ, മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന്, വിഷം ചേര്‍ത്ത മദ്യം, യുവതിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന്, ഉസ്മാനിയും സുഹൃത്തുക്കളും യുവതിയെ ജില്ലാ ആശുപത്രിക്ക് പുറത്ത് ഇറക്കി വിടുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി.
അതേസമയം, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താന്‍, കുറ്റവാളികളുടെ വീട് പൊളിക്കുന്ന സമ്പ്രദായം ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ മാര്‍ഗമാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരും അടുത്തിടെ സ്വീകരിച്ചത്.
Post Your Comments