തിരുവനന്തപുരം: മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രം ആധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ എടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽ കാന്ത്. ഇത് സംബന്ധിച്ച് താൻ മുൻപ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിയാത്ത പക്ഷം, ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്ന് ഡിജിപി അറിയിച്ചു.
‘ക്രമസമാധാന പരിപാലനത്തിനിടെ പൊലീസിന്റെ നടപടിയിൽ പ്രകോപിതരാകുന്ന പ്രതികൾ ഓൺലൈൻ മാധ്യമങ്ങളിലെ സ്വാധീനം പ്രയോജനപ്പെടുത്തി, പൊലീസുകാർക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം വാർത്തകളുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്ക് ഇരയാകുന്ന ഉദ്യോഗസ്ഥരുടെ പരാതികൾ ലഭിക്കുന്നുണ്ട്’ അനിൽ കാന്ത് വ്യക്തമാക്കി.
‘ചില സന്ദർഭങ്ങളിൽ ജനരോഷം കണക്കിലെടുത്ത് നടപടികൾ എടുക്കേണ്ടി വരും. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നടപടിക്രമങ്ങളോ, അന്വേഷണങ്ങളോ ഉണ്ടായെന്ന് വരില്ല. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ചട്ടപ്രകാരം തന്നെ നടപടി എടുക്കണം’ അദ്ദേഹം വിശദമാക്കി. പൊലീസ് സേനയിൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥരെ പൊതുവെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല.
Post Your Comments