തിരുവനന്തപുരം: സൈബറിടം മറയാക്കി സംസ്ഥാന കോൺഗ്രസ് ഗ്രൂപ്പുകൾ തമ്മിലുള്ള പോര് കടുക്കുന്നു. കെ.സി വേണുഗോപാലിനെതിരെ പോസ്റ്റുകൾ പങ്കുവെക്കാൻ അനുയായിക്ക് നിർദ്ദേശം നൽകുന്ന വിധം, രമേശ് ചെന്നിത്തലയുടേതെന്ന പേരിൽ ഒരു ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. ചെന്നിത്തല അനുകൂലികൾ ഓഡിയോ നിഷേധിച്ചതിന് പിന്നാലെ, പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കെ.സിക്കും തനിക്കും എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ ആർ.സി ബ്രിഗേഡ് ആണെന്ന് സതീശൻ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
Also read: ചേട്ടന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു: സുരേഷ് ഗോപി എംപിയുടെ സഹോദരൻ പിടിയിലായി
കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് കോൺഗ്രസിലെ ഗ്രൂപ്പ് പോരും സാമൂഹിക മാധ്യമങ്ങളെ വേദിയാക്കുകയാണ്. രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കം കൂടി വന്നതോടെ ഗ്രൂപ്പ് നേതാക്കളുടെ സൈബർ ബ്രിഗേഡുകൾ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്.
സ്വയം പോസ്റ്റ് പങ്കുവെച്ച് വിവാദമായാൽ ഹാക്ക് ചെയ്യപ്പെട്ടെന്ന വാദം നിരത്തി രക്ഷപ്പെടാൻ കഴിയുമെന്ന് മുൻപ് തന്നെ തെളിയിക്കപ്പെട്ടതിനാൽ, പാർട്ടിയിലെ മുതിർന്ന നേതാക്കളും സൈബറിടത്തെ ഒളിപ്പോരിൽ സജീവമാണ്. എം. ലിജുവിനെ വെട്ടി പാർട്ടി ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നൽകിയതോടെ ഉണ്ടായ സൈബർ പോരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ചെന്നിത്തലക്കെതിരെ പോസ്റ്റ് പങ്കുവെച്ചിരുന്നു.
Post Your Comments