ന്യൂഡൽഹി: ഇന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക, കോവിഡ് മഹാമാരിക്കു പിന്നാലെ ആഫ്രിക്കയെ വെല്ലുന്ന പട്ടിണിരാജ്യമായി മാറിയിരിക്കുകയാണ്. ഒരു കിലോ അരിക്ക് 450 രൂപ. ഒരു ലിറ്റര്‍ പെട്രോളിന് 300 രൂപ എന്നിങ്ങനെ പോകുന്നു ഇവിടുത്തെ വിലക്കയറ്റം. ഒരു ലിറ്റര്‍ പാലിന് 263 രൂപയാണ് ഇപ്പോഴത്തെ വിലനിരക്ക്. മണിക്കൂറുകളോളം ക്യൂവില്‍ കാത്തുകിടന്ന് വാങ്ങുന്ന പെട്രോള്‍ വില ലിറ്ററിന് 300 ശ്രീലങ്കന്‍ രൂപയിലെത്തിയതോടെ ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ അവശ്യവസ്തുക്കള്‍ അയല്‍രാജ്യത്തിന് നല്‍കിവരികയാണ്. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ശ്രീലങ്കയിലേക്ക്, ഇന്ത്യയില്‍നിന്നുള്‍പ്പെടെ ഇപ്പോൾ , അരിയും പലവ്യഞ്ജനങ്ങളും എത്തിച്ചുകൊണ്ടിരിക്കുകയാണ്.
സമീപകാലത്തൊന്നും കരകയറാന്‍ സാധ്യതയില്ലാത്ത വിധം ശ്രീലങ്ക, വന്‍തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധസമരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. എല്ലാ കാര്യങ്ങളിലും, ചൈനയോടു വിധേയത്വം പുലര്‍ത്തിയിരുന്ന ശ്രീലങ്കയെ വറുതിയുടെ കാലത്ത് ചൈന പൂർണ്ണമായും കൈവിട്ടു. ചൈനയില്‍ നിന്നു കടം വാങ്ങിയതിന്റെ തിരിച്ചടവ് പ്രതിസന്ധിയിലായതോടെ പ്രശസ്തമായ ഹംബന്‍തൊട്ട രാജ്യാന്തര തുറമുഖവും ചേര്‍ന്നുള്ള 1500 ഏക്കറും 99 വര്‍ഷത്തേക്ക് ചൈനയ്ക്ക് കൈമാറേണ്ടിവന്നിരിക്കുന്നു.
ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ, അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് കണക്ക്. സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രം, ഇന്ത്യ 7000 കോടി വായ്പയായി നല്‍കാനാണ് തീരുമാനം. കോവിഡ് വ്യാപനത്തോടെ, ശ്രീലങ്കയുടെ പ്രധാന വരുമാനമായ ടൂറിസവും വിദേശവ്യാപാരവും തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം കുത്തനെ തകര്‍ന്നടിഞ്ഞു. രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഭരണനേതൃത്വത്തിന്റെ സ്ഥാപിത താല്‍പ്പര്യങ്ങളും മണ്ടന്‍ തീരുമാനങ്ങളും ശ്രീലങ്കയുടെ സാമ്പത്തികമേഖലയെ തരിപ്പണമാക്കിക്കഴിഞ്ഞു.
29 ഇന്ത്യന്‍ പൈസയാണ് ഒരു ശ്രീലങ്കന്‍ രൂപയുടെ ഇപ്പോഴത്തെ മൂല്യം. വൈദ്യുതി ക്ഷാമം രൂക്ഷമായിരിക്കെ ദിവസവും ഏഴര മണിക്കൂറിലധികം പ്രഖ്യാപിത പവര്‍കട്ടിലാണ് ശ്രീലങ്ക. കാരണം ഇന്ധനം വാങ്ങാനുള്ള വിദേശ നാണ്യമില്ല.ശ്രീലങ്കന്‍ തേയിലയുടെ പ്രധാന വിപണികളായ റഷ്യയിലേക്കും ഉക്രൈനിലേക്കുമുള്ള കയറ്റുമതി, യുദ്ധം മൂലം മുടങ്ങുകയും ചെയ്തു. ശ്രീലങ്കയിലേക്ക് ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള വിനോദ സഞ്ചാരികളുടെ വരവും നിലച്ചു. റേഷന്‍ കടകളില്‍ നിന്ന് അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂവാണ് അയല്‍രാജ്യത്തുള്ളത്.
സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിന് മാത്രമായി നീക്കിവയ്ക്കേണ്ടി വരുന്ന സാഹചര്യം.
2019 ഈസ്റ്റര്‍ ദിനത്തില്‍, ക്രൈസ്തവ ദേവാലയങ്ങളിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്കുശേഷമാണ് വിദേശ ടൂറിസ്റ്റുകളുടെ വരവ് ലങ്കയില്‍ കുത്തനെ കുറഞ്ഞത്. പട്ടിണി ആയതോടെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ തെരുവില്‍ പ്രതിഷേധിക്കുകയാണ്
Post Your Comments