ഇടുക്കി: തൊടുപുഴയിലെ ചീനിക്കുഴിയിൽ മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീവെച്ചുകൊന്ന പിതാവ് ഹമീദിനെ കുറിച്ച് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ. ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഹമീദ് താമസിച്ചിരുന്നതെന്നും തിരിച്ചു വന്നതിനുശേഷം രണ്ട് ആൺമക്കളുമായും ഇയാൾ പ്രശ്നം ഉണ്ടാക്കിയിരുന്നുവെന്നും അയൽവാസികൾ പറയുന്നു. ഇപ്പോൾ, മൂത്ത മകൻ ഇയാൾക്കെതിരെ രംഗത്തെത്തി.
ഹമീദിനെ ഒരിക്കലും പുറത്തു വിടരുതെന്നും താനും കുടുംബവും പ്രാണഭയത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും മൂത്തമകൻ ഷാജി പറയുന്നു. ഈ സംഭവത്തോടെ കുട്ടികൾ ഭയത്തിലാണെന്നും താനും കുടുംബവും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. അതേസമയം, മകൻ മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ, പിതാവ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന്, ഹമീദ് വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിക്കുകയായിരുന്നു. പതിനേഴും പതിമൂന്നും വയസുള്ള രണ്ട് പേരക്കുഞ്ഞുങ്ങള്‍ അടക്കമാണ് ഹമീദിന്‍റെ കണ്ണില്ലാത്ത ക്രൂരതയില്‍ അവസാനിച്ചത്. ഇന്നലെ രാവിലെ, ഹമീദും മകനും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി. പിന്നാലെ, രാത്രി എത്തി ഹമീദ് കൃത്യം നടത്തുകയായിരുന്നുവെന്ന് പൊലീസും അറിയിച്ചു.
Post Your Comments