തിരുവനന്തപുരം: ജെബി മേത്തര്‍ കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്. തന്റെ വാക്കുകൾ ചിലർ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് അസീസ് വിശദീകരിച്ചു. ഇപ്പോഴും ആർ.എസ്.പി യു.ഡി.എഫിന്റെ ഭാഗം തന്നെയാണെന്നും, രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തതെന്നും ആണ് താൻ ഉദ്ദേശിച്ചതെന്ന് അസീസ് പറഞ്ഞു.
‘കോണ്‍ഗ്രസിന്‍റെ രാജ്യസഭാ സീറ്റ് പണം വാങ്ങിയാണ് നൽകുന്നത്. ജെബി മേത്തറും സീറ്റ് പണം കൊടുത്ത് വാങ്ങിയതാണ്’ എന്നാണ് ആര്‍.വൈ.എഫിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അസീസ് പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ്, താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് ദുർവ്യാഖ്യാനമാണെന്നും വിശദീകരിച്ചുകൊണ്ട് അസീസ് രംഗത്തെത്തിയത്.
അതേസമയം, വിവാദ പരാമര്‍ശത്തില്‍ അസീസിനെതിരെ പാർട്ടി നടപടി സ്വീകരിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ആവശ്യപ്പെട്ടു. ‘അദ്ദേഹത്തിന്റെ ആരോപണം ഞാൻ അവജ്ഞയോടെ തള്ളിക്കളയുകയാണ്. യു.ഡി.എഫിൽ പ്രശ്നം ഉണ്ടാക്കാൻ അസീസ് കുറേ കാലമായി ശ്രമിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവർ തന്നെ അത് തെളിയിക്കണം. ആരാണ് പണം കൊടുത്തതെന്നും, അത് ആര് വാങ്ങിയെന്നും അസീസ് തെളിയിക്കട്ടെ’ അദ്ദേഹം പ്രതികരിച്ചു.
Post Your Comments