കോഴിക്കോട്: കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. തമിഴ്നാട് കുഡ്ഡലോർ സ്വദേശി മുരുകൻ, കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്.
ഡൻസാഫും എലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോഴിക്കോട് പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ച് പ്രതികളെ കഞ്ചാവ് സഹിതം ആണ് പിടികൂടിയത്. ആൻ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ജയകുമാറിനാണ് ഡൻസാഫിൻ്റെ ചുമതല.
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. ആന്ധ്രയിലെ രാജമുദ്രിയിലും ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലും കൃഷിചെയ്യുന്ന കഞ്ചാവ് കിലോഗ്രാമിന് ആയിരം രൂപയ്ക്ക് വാങ്ങി കേരളത്തിൽ മുപ്പത്തിരണ്ടായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. മൊത്തവിപണനക്കാരിൽ നിന്നും ചെറിയ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് പ്ളാസ്റ്റിക് പൗച്ചുകളിലാക്കി മുന്നൂറു മുതൽ അഞ്ഞൂറ് രൂപവരെ ഈടാക്കിയാണ് വിൽപന നടത്തുന്നത്. ഇത്തരത്തിൽ പൗച്ചുകളിലാക്കി വിൽപന നടത്താൻ കൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.
എലത്തൂർ പൊലീസ് ഇൻസ്പെക്ടർ സായൂജ്, എസ്.ഐ മാരായ രാജീവ്, സന്ദീപ് എ.എസ്.ഐ മാരായ പ്രകാശൻ സുരേഷ് ഡൻസാഫ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയിടത്ത്, സി.പി.ഒ സിനോജ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളം പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments