കൊച്ചി: സിനിമ അടക്കമുള്ള മേഖലകളിൽ സമൂഹം സ്ത്രീകൾക്ക് മേൽ ചാർത്തിവെയ്ക്കുന്ന ചില രീതികളെ കുറിച്ച് തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഒരു പത്ത് കൊല്ലം കഴിയുമ്പോൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ലഭിക്കുന്ന സ്വീകാര്യത ഒരുപോലെയാകുമെന്ന് നവ്യ പറയുന്നു. ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരച്ഛനും അമ്മയും കൂടെയാണ് ജനിക്കുന്നതെങ്കിലും ജോലി മുഴുവൻ അമ്മയ്ക്കാണെന്നും നവ്യ പറയുന്നു. ‘ഒരുത്തീ’ സിനിമയുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നവ്യ.
‘കല്യാണം കഴിയുമ്പോൾ ചിലർ അഭിനയം നിർത്തും. പണ്ട് മുതലേ അങ്ങനെ ആയത് കൊണ്ട്, പലരും അതുപോലെ തന്നെ ചെയ്യുന്നു. കല്യാണം കഴിഞ്ഞാൽ സ്ത്രീകൾ പൊതുവെ വണ്ണം വെയ്ക്കും. ശാരീരികമായി മാറും. ബോളിവുഡിൽ ഒന്നും അത്ര പ്രശ്നങ്ങൾ ഇല്ല. അവർ തിരിച്ച് വരുന്നു. ആ ഒരു രീതി ഇപ്പോൾ മലയാളത്തിലും ഉണ്ട്. അഭിനയത്തിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. എറണാകുളത്തുള്ള ഒരു കുട്ടി ബംഗളൂരുവിൽ ഉള്ള ഒരാളെ കല്യാണം കഴിച്ചു. അവൾക്ക് ജോലി എറണാകുളത്താണെങ്കിൽ, ജോലി മതിയാക്കി ബംഗളൂരുവിലേക്ക് പോകും. പ്രസവ സമയത്ത് മെറ്റേർണിറ്റി ലീവ് കിട്ടാത്ത അവസ്ഥയാണെങ്കിൽ, ജോലി രാജിവെക്കേണ്ടി വരും. കുട്ടിയെ വളർത്തി, കുറച്ച് വർഷം കഴിഞ്ഞാകും പിന്നീട് ജോലിക്ക് പോവുക. അപ്പോൾ ഇടവേള ഉണ്ടാകും. ജൂനിയർ ആയിട്ടാകും വീണ്ടും ജോലിയിൽ പ്രവേശിക്കേണ്ടി വരിക. ഈ പ്രശ്നങ്ങൾ ഒക്കെ ഉള്ളതാണ്. അതിന്, ഭർത്താവിന്റെ അടുത്ത് പ്രസവിക്കാൻ പറയാൻ പറ്റില്ലല്ലോ? അതിനേക്കാൾ വലിയ പ്രശ്നങ്ങൾ ആണ് ഫെമിനിസത്തിൽ ഉള്ളത്. അതൊക്കെയാണ് അടിസ്ഥാനപരമായി ചർച്ച ചെയ്യേണ്ട വിഷയം’, നവ്യ പറയുന്നു.
Also Read:കളമശ്ശേരി കിൻഫ്ര പാർക്കിൽ മണ്ണിടിഞ്ഞ സംഭവം: എ.ഡി.എം ഇന്ന് അന്വേഷണം തുടങ്ങും
നേരത്തെ, പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് താരം തുറന്നു പറഞ്ഞിരുന്നു. പ്രണയമുണ്ടെന്ന് തുറന്നു പറയുന്നതിൽ പ്രശ്‌നമില്ലെന്നും ആരെയെങ്കിലും ഭയന്ന് ഇല്ലെന്ന് പറയാൻ താന്‍ കുലസ്ത്രീയല്ലെന്നും വ്യക്തമാക്കിയ നവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അനശ്വരമായ ഒറ്റപ്രണയം കൊണ്ടു ജീവിച്ചതിൽ കാഞ്ചനമാലയേ കാണൂ എന്ന് പറഞ്ഞ നവ്യ, ചിലര്‍ ഭാര്യയെ പേടിച്ചും മറ്റ് ചിലർ നാട്ടുകാരെ പേടിച്ചും പ്രണയം പറയാതിരിക്കുമെന്നും വ്യക്തമാക്കി.
‘പ്രണയം സ്വാഭാവികമായി സംഭവിക്കുന്ന വികാരമാണ്. പക്ഷെ, പ്രണയപ്പക അമ്പരപ്പിക്കുന്നു. വിവാഹിതരായവര്‍ പോലും പിരിയുന്നു. അപ്പോള്‍ പ്രണയമുള്ളവര്‍ക്കൊന്നു പിരിയാന്‍ പോലുമുള്ള അവസരമില്ലാതാകുന്നു. കുട്ടികളൊക്കെ സൂക്ഷിച്ച് പ്രണയിക്കണം. വിവാഹമോചന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളുടെ നിലനില്‍പ്പിന്റെ ഭാഗമായാണ് പുറത്തുവരുന്നത്. ഇപ്പോഴും വിവാഹിത തന്നെയാണെന്ന് പറയേണ്ട ആവശ്യമുണ്ടോ? ആരും എന്നെ മോശക്കാരിയാക്കാനാണ് വാര്‍ത്തകള്‍ ഇടുന്നതെന്ന് കരുതുന്നില്ല. ഒരു ലോബി പ്രവര്‍ത്തനം ഒന്നും ഇതിന് പിന്നില്‍ നടക്കുന്നില്ല. നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്‌നമൊന്നുമല്ലല്ലോ’, നവ്യ നായർ പറയുന്നു.
Post Your Comments