KeralaLatest News

പതിമൂന്നുകാരനായ മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ച `സിദ്ധൻ` പിടിയിൽ: ഇയാളുടെ ഇരകൾ വിവാഹമോചിതരും വിധവകളും

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ 2858 തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി

ബാലുശ്ശേരി: 13 വയസ്സുള്ള മകനെ ഉപേക്ഷിക്കാൻ യുവതിക്ക് പ്രേരണ നൽകിയ സംഭവത്തിൽ സ്വയം പ്രഖ്യാപിത സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. ദിവ്യനായി അറിയപ്പെടുന്ന കായണ്ണ മാട്ടനോട് ചാരുപറമ്പിൽ രവിയെ (52) ആണു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 12നു യുവതിയെ കാണാതായതിനെ തുടർന്ന് മകൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും മകനെ ഉപേക്ഷിച്ചതിനു കേസെടുക്കുകയും ചെയ്തു.

ഈ കേസിൽ, യുവതി റിമാൻഡിൽ കഴിഞ്ഞിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രവിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ 2858 തവണ ഫോണിൽ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. രവിയും യുവതിയും വിവിധ സ്ഥലങ്ങളിൽ താമസിച്ചതിന്റെ രേഖകളും പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് ,മകനെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചതിനു രവിക്കെതിരെ പോലീസ് കേസെടുത്തത്.

വീടിനോട് ചേർന്ന്, അമ്പലം പണിത് കർമങ്ങൾ നടത്തി വരുന്നയാളാണ് പ്രതി രവി. ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഭക്തരായി എത്തുന്ന സ്ത്രീകളെ വശത്താക്കി പ്രതി ചൂഷണം ചെയ്തിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വിവാഹമോചിതർ, വിധവകൾ തുടങ്ങി ഒട്ടേറെ സ്ത്രീകളെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

കാക്കൂർ ഇൻസ്പെക്ടർ ബി.കെ.സിജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്ഐ എം.അബ്ദുൽ സലാം, എഎസ്ഐ കെ.കെ.രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുജാത, റിയാസ്, ബിജേഷ്, സുബിജിത്ത് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button