Kerala

യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറില്‍ നിന്ന് വ്യാജ സിദ്ധൻ തട്ടിയത് കോടികള്‍, ഇടയ്ക്കിടെ ദുബായ് സന്ദർശനവും!

മലപ്പുറം: സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച്‌ കൊളത്തൂര്‍ ചന്തപ്പടി വടക്കേതില്‍ അബ്ദുല്‍ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
കൊണ്ടോട്ടി വെങ്ങയൂര്‍ സ്വദേശി കൈതകത്ത് നൗഷാദിനെതിരെയാണ് പരാതി. 1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയും 35 ലക്ഷം വീട് വയ്ക്കാനെന്ന് പറഞ്ഞ് കടമായും 50 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി പണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നു.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് അബ്ദുല്‍ ലത്തീഫ്. 2008ല്‍ അദ്ദേഹം നാട്ടിലുള്ളപ്പോള്‍ നൗഷാദിന്റെ അനുയായികളെന്ന് പറഞ്ഞ് ചിലര്‍ വീട്ടിലെത്തി. നൗഷാദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹം പറയുന്നതിനനുസരിച്ച്‌ ജീവിച്ചാല്‍ ആത്മീയ ചൈതന്യം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നൗഷാദ് ഇടയ്ക്കിടെ ഇവരുടെ വീട്ടില്‍ താമസിച്ച്‌ കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു.

കടമായി വാങ്ങിച്ച തുക നാട്ടില്‍ തന്റെ പേരില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അബ്ദുല്‍ ലത്തീഫിന്റെ ദുബായിലെ ഫ്ളാറ്റിലെത്തി താമസിക്കുന്നതും പതിവാക്കി. വിമാനടിക്കറ്റും വിസയുമടക്കം മുഴുവൻ സാമ്ബത്തികച്ചെലവും വഹിച്ചത് അബ്ദുല്‍ ലത്തീഫായിരുന്നു. അബ്ദുല്‍ലത്തീഫിന് വലിയൊരു ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാല്‍ ഇടയ്ക്കിടെ ദുബായിലെ താമസസ്ഥലത്ത് പ്രാര്‍ത്ഥന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് നൗഷാദിന് സ്ഥിരം വിസ ഏര്‍പ്പാടാക്കി നല്‍കി.

പല ആവശ്യങ്ങളും പറഞ്ഞ് ഇടയ്ക്കിടെ പണം കൈപ്പറ്റുന്നത് പതിവാക്കി. പ്രാര്‍ത്ഥന സംബന്ധിച്ച്‌ മറ്റാരും അറിയരുതെന്ന നിര്‍ദ്ദേശവും അബ്ദുല്‍ ലത്തീഫിന് നല്‍കിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം തിരിച്ചുചോദിച്ചപ്പോള്‍ അട്ടപ്പാടിയിലും മറ്റും അബ്ദുല്‍ ലത്തീഫിന്റെ പേരില്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button