Latest NewsKerala

ടാങ്കിലെ വെള്ളം ഒഴുക്കിവിട്ട്, പവർകണക്ഷൻ വിച്ഛേദിച്ചു: എല്ലാവരും ഉറങ്ങാനായി കാത്തിരുന്ന ഹമീദ്: കൂസലില്ലാതെ സ്റ്റേഷനിലും

തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു.

ഇടുക്കി: കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് പ്രദേശവാസികൾ ഇതുവരെ മുക്തരായിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പിതാവ് ഹമീദ് കൃത്യം നടത്തിയതെന്ന് ഭീതിയുടെ ആക്കം കൂട്ടുന്നു. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോൾ നേരത്തെ കരുതിയിരുന്നു.

മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കും എന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു.

തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു. വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാൻ ഉപയോഗിച്ച പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ഹമീദ് ശ്രമിച്ചു. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

മകന് എഴുതി കൊടുത്ത സ്വത്ത്, തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുൽ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാത്രി ഒരുമണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്തുനിന്നു പൂട്ടി. കിടക്കയ്ക്കും മറ്റും തീപിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു. വാതിലുകൾ പുറത്തുനിന്നു പൂട്ടിയെന്നു മനസ്സിലാക്കിയതോടെയാണ് കുട്ടികളിലൊരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചത്.

രാത്രി 12.35 നാണ്, രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്‌നയുടേയും മെഹ്‌റുവിന്റേയും ഫോൺ കോൾ വരുന്നത്. ‘ചേട്ടാ ഓടി വാ…രക്ഷിക്കൂ’ എന്നാണ് അവർ പറഞ്ഞത്. ഫൈസലിന്റെ അയൽവാസിയാണ് രാഹുൽ. അസ്‌നയും മെഹ്‌റുവും രാഹുലിന്റെ വീട്ടിൽ സ്ഥിരം കളിക്കാൻ പോകുമായിരുന്നു. അതുകൊണ്ട് തന്നെ, ഇരുവരേയും സ്വന്തം മക്കളെ പോലെ കണ്ടിരുന്ന രാഹുലിനെ തന്നെയാണ് അപകടം സംഭവിച്ചപ്പോൾ ഇവർ ആദ്യം വിളിച്ചതും.

രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. വാതിൽ തകർത്താണ്, രാഹുൽ അകത്ത് കയറിയത്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്. മെഹറും അസ്നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായെന്ന് ‍വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീരക്കുഴി.

shortlink

Related Articles

Post Your Comments

Related Articles


Back to top button