ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതകത്തിലെ പ്രതിയായ ഹമീദിന്റെ മൊഴിയിൽ ഞെട്ടി പോലീസ്. മകനെയും ഭാര്യയേയും പേരക്കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും തനിക്ക് ജീവിക്കണം എന്നാണ് ഹമീദ് പോലീസിനോട് പറയുന്നത്. തനിക്ക് ഇനിയും ജീവിക്കണമെന്ന് വെളിപ്പെടുത്തിയ ഹമീദ്, കൊലപാതകം ചെയ്തത് എങ്ങനെയെന്നും വിശദീകരിച്ചു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു ഇയാൾ പോലീസിനോട് കൊലപാതകം വിശദീകരിച്ചത്. എല്ലാ ദിവസവും മത്സ്യവും മാംസവും വേണമെന്ന തന്റെ ആവശ്യം മകൻ അംഗീകരിച്ചില്ലെന്നും, സ്വത്തിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാൾ മൊഴി നൽകി.
ഇയാളുടെ പേരിലുള്ള സ്വത്തുക്കളെല്ലാം ഹമീദ് രണ്ട് ആൺ മക്കൾക്കുമായി വീതിച്ചു നൽകിയിരുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും കരാറിൽ ഉണ്ടായിരുന്നു. ഭാര്യ മരിച്ചതിന് ശേഷം ഏറെക്കാലം മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നു ഇയാൾ താമസം. അടുത്ത കാലത്താണ്, ഈ സ്ത്രീയെ ഉപേക്ഷിച്ച് ഇയാൾ തിരിച്ചെത്തിയത്. തിരികെ വീട്ടിലെത്തിയത് മുതൽ മകനുമായി വഴക്കായിരുന്നു. പിതാവ് സ്ഥിരം വഴക്കുണ്ടാക്കുന്നതിനാൽ, വീട് ഉപേക്ഷിച്ച് ഫൈസലും കുടുംബവും പുതിയ വീട്ടിലേക്ക് മാറാനിരിക്കുകയായിരുന്നു. പുതിയ ഒരു ജീവിതം പ്രതീക്ഷിച്ച ഇവരെ ഹമീദ് ചുട്ടുകൊല്ലുകയായിരുന്നു.
ക്രൂര കൊലപാതകം പദ്ധതി ഇട്ടപ്പോഴോ, പെട്രോൾ കുപ്പികൾ മുറിയിലേക്ക് വലിച്ചെറിഞ്ഞപ്പോഴോ, അലമുറയിടുന്ന പേരക്കുട്ടികളുടെ കരച്ചിൽ കേട്ടപ്പോഴോ ഹമീദിന് കുറ്റബോധമുണ്ടായിരുന്നില്ല. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് ഫൈസലിന്റെ പിതാവ് ഹമീദിന്റെ ക്രൂരതക്ക് ഇരയായത്. ചീനിക്കുഴിയിൽ പച്ചക്കറി കട നടത്തി വരികയായിരുന്നു മരിച്ച മുഹമ്മദ് ഫൈസൽ. മൂത്ത മകൾ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയും ഇളയമകൾ അസ്ന കൊടുവേലി സാൻജോ സിഎംഐ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്.
Post Your Comments