ഇടുക്കി: ചീനിക്കുഴിയില്‍ പിതാവ് മകനെയും കുടുംബത്തെയും വീടിന് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവരാണ് മരിച്ചത്. ഫൈസലിന്റെ അച്ഛന്‍ എഴുപത്തിയൊന്‍പതുകാരനായ പ്രതി ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. രാത്രിയില്‍ ഫൈസലും കുടുംബവും ഉറങ്ങവെ ഹമീദ് വീടിന് തീയിടുകയായിരുന്നു.
രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം അടച്ചാണ്, ഹമീദ് കൂട്ടക്കൊലയ്ക്ക് കളമൊരുക്കിയത്. മുറിയില്‍ തീപടര്‍ന്നതും മുഹമ്മദ് ഫൈസലും മക്കളും രക്ഷതേടി ശുചിമുറിയല്‍ ഒളിച്ചു. രക്ഷിക്കാന്‍ അപേക്ഷിച്ച് കുട്ടികള്‍ ഫോണില്‍ വിളിച്ചെന്ന് അയല്‍വാസി രാഹുല്‍ പറഞ്ഞു. പുറത്തേക്കുളള വാതിലുകളും കിടപ്പുമുറിയുടെ വാതിലും പുറത്തുനിന്ന് പൂട്ടിയിരുന്നു. വാതിലുകള്‍ ചവിട്ടിത്തുറന്നപ്പോള്‍ നാലുപേരും ശുചിമുറിയില്‍ ഒളിച്ചനിലയിലായിരുന്നു. നാലുപേരും പേടിച്ച് ശുചിമുറിയുടെ വാതില്‍ തുറന്നില്ല. ഹമീദ് പെട്രോള്‍ നിറച്ച കുപ്പികള്‍ മുറിയിലേക്ക് എറിയുന്നുണ്ടായിരുന്നെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments