കാബൂൾ: താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തതോടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ഏറെ ആശങ്കകളും വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ, മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അടുത്തയാഴ്ച സ്കൂൾ തുറക്കുമ്പോൾ പെൺകുട്ടികൾക്ക് പ്രവേശനാനുമതി ലഭിക്കുമെന്ന് താലിബാൻ ഭരണകൂടം വ്യക്തമാക്കി. താലിബാൻ വിദ്യാഭ്യാസ മന്ത്രാലയ പ്രതിനിധി അസീസ് അഹമ്മദ് റയാൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷെ പെൺകുട്ടികളുടെ പഠനത്തിന് ചില നിബന്ധനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയായിരിക്കും ക്ലാസുകൾ. പെൺകുട്ടികളെ പഠിപ്പിക്കാൻ വനിതാ അധ്യാപകർക്ക് മാത്രമായിരിക്കും അനുമതി. പക്ഷെ രാജ്യത്തെ ചില പ്രദേശങ്ങളിൽ വനിതാ അധ്യാപകരുടെ കുറവുണ്ട്. ഈ സാഹചര്യത്തിൽ പ്രായമായ പുരുഷ അധ്യാപകർക്ക് പെൺകുട്ടികളെ പഠിപ്പിക്കാമെന്നും താലിബാൻ പ്രതിനിധി വ്യക്തമാക്കി. ഈ വർഷം രാജ്യത്ത് ഒരു സ്കൂളും അടച്ചിടില്ല. ഏതെങ്കിലും സ്കൂളുകൾ പൂട്ടിക്കിടക്കുന്നുണ്ടെങ്കിൽ അത് തുറക്കേണ്ടത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയാണ്’- അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെ പഠനം താലിബാൻ ഔദ്യോഗികമായി വിലക്കിയിരുന്നില്ലെങ്കിലും രാജ്യത്തെ ഹയർ സെക്കൻഡറി സ്കൂളുകളും യൂണിവേഴ്സിറ്റികളും താലിബാൻ അംഗങ്ങൾ അടച്ചു പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം താലിബാൻ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാനിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഏഴാം ക്ലാസ് വരെയുള്ള പെൺകുട്ടികളെ മാത്രമേ സ്കൂളിൽ പ്രവേശിക്കാനനുവദിച്ചിരുന്നുള്ളൂ.
Post Your Comments