KeralaLatest NewsNews

ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്റ്റോളിന്റെ പേരില്‍ തട്ടിപ്പ്, തൃശൂര്‍ സ്വദേശിക്ക് 30 ലക്ഷം രൂപ നഷ്ടമായി

മുന്നറിയിപ്പ് നല്‍കി പൊലീസ്

 

തൃശൂര്‍: പ്രമുഖ ഓണ്‍ലൈന്‍ -ടെലിഷോപ്പിങ് കമ്പനിയായ നാപ്‌റ്റോളിന്റെ പേരില്‍ തട്ടിപ്പ്. തൃശൂര്‍ സ്വദേശിയായ യുവാവിന് 30 ലക്ഷം രൂപ നഷ്ടപ്പെട്ടു. നാപ്‌റ്റോളില്‍ നിന്ന് ബംബര്‍ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് യുവാവില്‍ നിന്ന് പണം തട്ടിയത്.

Read Also : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു: 46- കാരനെ മരത്തിൽ കെട്ടിയിട്ട് അടിച്ചുകൊന്ന് സ്ത്രീകൾ

നാപ്‌റ്റോളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തിയതായി ഉപഭോക്താവിന്റെ വീട്ടിലേക്ക് തപാല്‍ മുഖാന്തരം കത്തയച്ചാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇതില്‍ അഭിനന്ദന സന്ദേശത്തിനൊപ്പം സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുമുണ്ടാകും.

കാര്‍ഡ് ഉരച്ചുനോക്കി സമ്മാനം ലഭിക്കുകയാണെങ്കില്‍ അതില്‍ നല്‍കിയ വാട്‌സ്ആപ്പ് നമ്പറിലേക്ക് മിസ്‌കാള്‍ ചെയ്യാന്‍ നിര്‍ദ്ദേശമുണ്ടാകും. ഇങ്ങനെ ചെയ്താല്‍ വാട്‌സ്ആപ്പിലേക്ക് സമ്മാനം ലഭിച്ച കാറിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കും. തുടര്‍ന്ന്, ഫോട്ടോ, കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, പാന്‍കാര്‍ഡ് പകര്‍പ്പ് എന്നിവ ആവശ്യപ്പെടും. ഒരാഴ്ചക്കകം, സമ്മാനാര്‍ഹമായ കാര്‍ ഏറ്റുവാങ്ങാനുള്ള അറിയിപ്പ് തപാലില്‍ ലഭിക്കും.

ശേഷം വാഹനം ലഭിക്കാനുള്ള ടാക്‌സ് സംബന്ധിച്ച തടസ്സങ്ങള്‍ അറിയിക്കും. അതിനാല്‍, വാഹനത്തിന് പകരം പണം കൈപ്പറ്റിയാല്‍ നന്നാകുമെന്ന് പറയുകയും 30 ലക്ഷം വിലയുള്ള കാറിന്റെ നികുതിയിനത്തില്‍ നാലോ അഞ്ചോ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്യും. ഇത് ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്താല്‍ നറുക്കെടുപ്പില്‍ മറ്റൊരു 60 ലക്ഷം രൂപ കൂടി സ്‌പെഷ്യല്‍ പ്രൈസ് ലഭിച്ചതായി അറിയിപ്പ് ലഭിക്കും. കൂടെ റിസര്‍വ് ബാങ്കിന്റെ പേരില്‍ ഒരു കത്തും സമ്മാനാര്‍ഹമായ തുകയെഴുതിയ ചെക്കും വാട്‌സ്ആപ്പില്‍ അയച്ചുതരും.

സമ്മാന ഇനത്തില്‍ ഒരു കോടിയില്‍പരം രൂപ ലഭിക്കാനുള്ളതായി ബോധ്യപ്പെടുത്തും. നടപടിക്രമങ്ങള്‍ക്കും നികുതി ഇനത്തിലുമായി വീണ്ടും 10 ലക്ഷംകൂടി ആവശ്യപ്പെടും. നിരന്തര പ്രലോഭനങ്ങളിലൂടെയാണ് ഉപഭോക്താവില്‍ നിന്ന് പണം തട്ടിയെടുക്കുക.

സമ്മാനം ലഭിക്കാന്‍ വൈകുന്നതിനെ തുടര്‍ന്ന്, ഉപഭോക്താവ് അവരെ വിളിക്കുകയും ചെയ്യും. എന്നാല്‍, ബാങ്കിലെ നൂലാമാലകള്‍ മൂലമാണ് പണം നല്‍കാന്‍ സാധിക്കാത്തതെന്നായിരിക്കും മറുപടി. ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും പലരും സമ്മാനം വരുമെന്ന് കരുതിയോ മാനക്കേട് ഭയന്നോ പുറത്തുപറയാതിരിക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.

 

അതേതമയം, ലോട്ടറി, സമ്മാനങ്ങള്‍, നറുക്കെടുപ്പ് തുടങ്ങിയ പ്രലോഭനങ്ങളില്‍ വഴങ്ങി പണം നഷ്ടപ്പെടുത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ കൂട്ടുകാരുമായോ പൊലീസുമായോ വിവരങ്ങള്‍ പങ്കുവെയ്ക്കണം. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ 1930 നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button