കൊല്ലം: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. അപകടത്തിൽ ലോറി ഡ്രൈവറായ സുനിൽ കുമാർ (46), ആസാം സ്വദേശിയും കുണ്ടറ എം.എ ബ്രിക്സിലെ തൊഴിലാളിയുമായ സുന്ദർ മാർഡി (35) എന്നിവരാണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന അതിഥി തൊഴിലാളികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. മൈലക്കാട് കാവുവിള വീട്ടിൽ പരേതരായ ബാബുരാജൻ നായരുടെയും പത്മാവതി അമ്മയുടെയും മകനാണ് സുനിൽകുമാർ.
കൊല്ലം ബൈപാസിൽ കല്ലുംതാഴം ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു അപകടം. മൈലക്കാട് ഭാഗത്തു നിന്നും ഇഷ്ടികയുമായി ശക്തികുളങ്ങര ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയിൽ എതിരേവന്ന ടോറസ് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ഡ്രൈവർ സുനിൽകുമാർ തത്ക്ഷണം മരിച്ചു. ചികിത്സയിലിരിക്കെ വൈകുന്നേരത്തോടെയാണ് ആസാം സ്വദേശി മരിച്ചത്.
Read Also : നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിലേക്ക് മറിഞ്ഞ് അപകടം : യാത്രക്കാരൻ മരിച്ചു
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ ചികിത്സയിലാണ്. ആസാം സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കിളികൊല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
സുനിൽകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ബിജെപി കൊട്ടിയം മേഖലാ വൈസ് പ്രസിഡന്റായിരുന്നു സുനിൽകുമാർ. ഭാര്യ ശ്രീകല ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗമാണ്. വചസ്, തേജസ് എന്നിവരാണ് മക്കൾ.
Post Your Comments