തിരുവനന്തപുരം: ബസ് യാത്രക്കിടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന മോശമായ പെരുമാറ്റത്തിന് തടയിടാന്‍, ജില്ലാ ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നല്‍ പരിശോധന തുടങ്ങി. ഓപ്പറേഷന് വിദ്യ എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ദിവസം 38 സ്വകാര്യ ബസുകളാണ് പരിശോധനയ്ക്ക് വിധേയമായത്.
ആറ് മണിക്കൂര്‍ നീണ്ട പരിശോധനക്കിടെ 12 സന്നദ്ധ പ്രവർത്തകർ ബസുകളില്‍ യാത്ര ചെയ്ത്, സ്ഥിതിഗതികള്‍ വിലയിരുത്തി, ജില്ലാ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും, പരിശോധന തുടരുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കുക, അവർക്ക് അര്‍ഹമായ അവകാശങ്ങൾ ലഭിക്കുന്നതായി ഉറപ്പു വരുത്തുക, അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ഓപ്പറേഷന് വിദ്യ, ഭരണകൂടവും മോട്ടോര്‍ വാഹന വകുപ്പും ആവിഷ്കരിച്ചിരിക്കുന്നത്. ബസ് യാത്രക്കിടയില്‍ നേരിടുന്ന മോശമായ പെരുമാറ്റം, കണ്സെഷന് നിഷേധം, വിവേചനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ വിദ്യാർത്ഥികൾ നേരിടുന്നതായി ജില്ലാ ഭരണകൂടത്തിനും മോട്ടോര്‍ വാഹന വകുപ്പിനും അനവധി പരാതികൾ ലഭിച്ചിരുന്നു.
Post Your Comments