കൊല്‍ക്കത്ത: ബദല്‍ ദേശീയ സഖ്യത്തിന്റെ നേതാവ് ആരാവണമെന്ന് 2024 ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുമ്പല്ല, അത് തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ബംഗാള്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
ബിജെപിക്കെതിരെ പരമാവധി വോട്ടുകള്‍ സമാഹരിക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. ബദല്‍ ദേശീയ സഖ്യത്തിന്റെ നേതാവിനെ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനിക്കുന്ന പതിവ് ഇന്ത്യയിലില്ല. ഇന്ത്യയിലൊരിക്കലും, തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യം രൂപീകരിക്കുകയും അത് സര്‍ക്കാരുണ്ടാക്കുകയും ചെയ്തിട്ടില്ല എന്നും യെച്ചൂരി പറഞ്ഞു.
ബിജെപിക്കെതിരെ, പ്രതിപക്ഷ കക്ഷികളുടെ നേതാവായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മുന്നോട്ട് വെക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ സജീവമാവുന്നതിനിടെയാണ് യെച്ചൂരിയുടെ പ്രതികരണം.
ബലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍, സിപിഐഎം സ്ഥാനാര്‍ത്ഥിയായി സൈറ ഷാ ഹാലിം മത്സരിക്കും. അസന്‍സോള്‍ ലോക്സഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ത്ഥ മുഖര്‍ജിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി. ഏപ്രില്‍ 12നാണ് ഇരുമണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments