മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഗ്രേറ്റയുടെ മുൻകാമുകനായ കൊറോവിനെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് വിവരം.
റഷ്യൻ തലസ്ഥാനമായ മോസ്കോയിലാണ് കൊല നടന്നത്. ഗ്രേറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ചു. തുടർന്ന് ഒരു പെട്ടിക്കുള്ളിലാക്കി ലിപെറ്റ്സ്കിൽ എന്ന സ്ഥലത്തെത്തിച്ച് അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച് കൊറോവിൻ കടന്നുകളയുകയായിരുന്നു. ഒരു വർഷത്തോളം കാറിൽ തന്നെ കിടന്നിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഗ്രേറ്റയെ ഏറെ നാളായി കാണാതായപ്പോൾ സംശയം തോന്നിയ യുക്രെയിനിലെ സുഹൃത്ത് മോസ്കോയിൽ പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments