ന്യൂഡല്‍ഹി: ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിയില്‍
രാജ്യത്തെ 77 കോടി ജനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി വിഭാവനം ചെയ്തതെന്ന് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞു.
77 കോടി ഗുണഭോക്താക്കളെ ഉള്‍ക്കൊള്ളുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഈ പദ്ധതി ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സൗകര്യം വഴി, ഒരു കുടിയേറ്റ ഗുണഭോക്താവിന് ജോലി ചെയ്യുന്ന സംസ്ഥാനത്ത് റേഷന്‍ ലഭിക്കുമ്പോള്‍, നാട്ടില്‍ തിരിച്ചെത്തിയാല്‍ കുടുംബത്തിനും അര്‍ഹമായ റേഷന്റെ ഒരു ഭാഗം ലഭിക്കാന്‍ അനുവാദമുണ്ടെന്ന് അദ്ദേഹം ചോദ്യോത്തര വേളയില്‍ പറഞ്ഞു.
പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനും ഗുണഭോക്താക്കളുടെ ഇരട്ടിപ്പിലുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും, ആധാര്‍ നമ്പര്‍ നല്‍കിയാല്‍ അവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റ ഗുണഭോക്താക്കള്‍ക്ക് അവരുടെ അതേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ചോ അല്ലെങ്കില്‍ നിലവിലുളള ഐഡന്റിറ്റിയുടെ ബയോമെട്രിക് ആധികാരികത ഉപയോഗിച്ചോ അവര്‍ക്ക് ഇഷ്ടമുള്ള ന്യായവില കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ പദ്ധതി പ്രാപ്തമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യാതൊരു വിവേചനവുമില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും, ഇതുവരെ ഏഴ് കോടി ആളുകള്‍, പോര്‍ട്ടബിലിറ്റിയുടെ പ്രയോജനം നേടിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.
Post Your Comments