ദുബായ്: ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് താരം അമേലിയ കെറാണ് മികച്ച വനിതാ താരം. നേപ്പാള്‍ ഓള്‍റൗണ്ടര്‍ ദീപേന്ദ്ര സിംഗ് ഐറി, യുഎഇയുടെ കൗമാര താരം വ്രീത്യ അരവിന്ദ് എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് അയ്യര്‍ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് ശ്രേയസ് ഐസിസി പുരസ്കാരം സ്വന്തമാക്കുന്നത്.
വനിതകളില്‍ ഇന്ത്യന്‍ താരങ്ങളായ മിതാലി രാജിനെയും ദീപ്തി ശര്‍മയെയും പിന്തള്ളിയാണ് അമേലിയ കെര്‍ മികച്ച വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരിയിൽ വിന്‍ഡീസിനും ശ്രീലങ്കയ്ക്കും എതിരായ പരമ്പരകളിലെ മിന്നുന്ന പ്രകടനമാണ് ശ്രേയസിന് നേട്ടമായത്.
വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തിൽ 80 റൺസും ടി20യിൽ 16 പന്തില്‍ 25 റൺസും നേടിയ ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മൂന്ന് അര്‍ധസെഞ്ചുറികളടക്കം 204 റൺസുമായി ടോപ് സ്കോററായിരുന്നു. മൂന്ന് ഇന്നിംഗ്സിലും പുറത്താകാതെ നിന്ന ശ്രേയസായിരുന്നു പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments