ന്യൂഡൽഹി: മീഡിയ വൺ സംപ്രേക്ഷണ വിലക്കുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീം കോടതിയിൽ നടന്ന വാദ-പ്രതിവാദങ്ങളിലെ ചില പ്രസക്ത ഭാഗങ്ങൾ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മീഡിയ വൺ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന് വേണ്ടി, സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാൻ എന്നിവരാണ് ഹാജരായത്.
ദുഷ്യന്ത് ദാവേയുടെ വാദങ്ങൾ ഇങ്ങനെ,
കേസിന്റെ വാദം ആരംഭിക്കുന്നതിന് മുമ്പ്, ഒരു കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്താനുണ്ട്. ഇന്ന് പതിനാലാമത്തെ കേസ് പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുദ്രവെച്ച കവറിൽ സർക്കാർ രേഖകൾ കൈമാറുന്നതിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഇത്തരം, മുദ്രവെച്ച കവറിലുളള രേഖകൾ ഈ കോടതിയിലേക്ക് കൊണ്ടുവരരുത് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ചാനൽ തുടങ്ങുമ്പോഴാണ് ലൈസൻസിന് സുരക്ഷാ പരിശോധന ആവശ്യമായിട്ടുള്ളത്. ലൈസൻസ് പുതുക്കുമ്പോൾ സുരക്ഷാ ക്‌ളിയറൻസ് ആവശ്യമില്ല.
ചാനൽ ഫെബ്രുവരി 8 മുതൽ പ്രവർത്തിക്കുന്നില്ല. സത്യവാങ്മൂലം ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. അതിനു മുൻപ് ഞങ്ങൾ പ്രവർത്തിച്ചിരുന്നു. ലൈസൻസ് പത്തു വർഷത്തേക്കായിരുന്നു. ലൈസൻസ് കഴിഞ്ഞതിന് ശേഷവും രണ്ട് മാസം ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. ലൈസൻസ് കാലാവധി കഴിയുന്നതിന് മുമ്പുതന്നെ ഞങ്ങൾ പുതുക്കാൻ അപേക്ഷ നൽകിയിരുന്നു.ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കണം. സംപ്രേക്ഷണ വിലക്ക് സ്റ്റേ ചെയ്യണം. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രതിമാസം ഉണ്ടാകുന്നത്.
ലൈസൻസ് പുതുക്കാൻ സുരക്ഷാ ക്ലിയറൻസ് ആവശ്യമില്ല. ഇക്കാര്യം, ചട്ടങ്ങളിൽ വ്യക്തമാണ്. ഞങ്ങൾ സുരക്ഷാ ക്ലിയറൻസിനായി ആരെയും സമീപിച്ചിട്ടില്ല. സർക്കാരിന്റെ ഈ നടപടി അംഗീകരിച്ചാൽ സർക്കാരിനെ വിമർശിക്കുന്ന ഒരു മാധ്യമങ്ങൾക്കും നിലനിൽപ്പ് ഉണ്ടാകില്ല. ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കൂ. ഞങ്ങൾ പ്രവർത്തിച്ചാൽ ആകാശം ഇടിഞ്ഞു വീഴില്ല. രേഖകൾ ഹാജരാക്കുന്നതിൽനിന്ന് ഞങ്ങളെ വിലക്കാൻ ജനാധിപത്യ വ്യവസ്ഥയിൽ ഒരു സർക്കാരിന് എങ്ങനെ കഴിയും? ന്യൂനപക്ഷ വിഭാഗത്തത്തിൽപെട്ടവരുടെ ചാനൽ ആയതിനാലല്ലേ ചാനൽ പൂട്ടിച്ചത്?
അതേസമയം ഹർജിയിൽ വാദം കേട്ട സുപ്രീം കോടതി ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ, മീഡിയ വൺ സംപ്രേക്ഷണ വിലക്ക് താൽക്കാലികമായി സ്റ്റേ ചെയ്തു. വിലക്കിനു മുമ്പുള്ള രീതിയിൽ ചാനലിന് പ്രവർത്തിക്കാം. കോടതിയിൽ ഹാജരാക്കിയ രേഖകൾ ഹർജിക്കാർക്ക് കൈമാറാമോ എന്ന കാര്യത്തിൽ ഉൾപ്പെടെ കേന്ദ്ര സർക്കാർ രണ്ടാഴ്ച്ചക്കുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്യണം.
Post Your Comments