ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രിയങ്കയും രാഹുലും തെരഞ്ഞെടുത്ത, പഞ്ചാബ് അധ്യക്ഷൻ സിദ്ദു ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലെയും കോൺഗ്രസ് അധ്യക്ഷന്മാരെ സോണിയ പുറത്താക്കി.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന്, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍, കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്.
പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നിയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അടക്കമുള്ളവര്‍ തോല്‍ക്കുകയുണ്ടായി. ഇതിന്റെ കാരണം, സംസ്ഥാനത്തെ ഗ്രൂപ്പ് വഴക്കാണെന്നത് സോണിയയ്ക്ക് കൂടുതൽ അവമതിപ്പുണ്ടാക്കി. സംസ്ഥാനത്ത് പലർക്കും എതിരഭിപ്രായം ആയിട്ടും സിദ്ദുവിനെ പ്രസിഡന്റാക്കിയത് രാഹുലും പ്രിയങ്കയും ആണ്.
എന്നാൽ, സിദ്ദു കോൺഗ്രസിനെ ഏകോപിപ്പിക്കാതെ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്തത്. തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി, ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം.
Post Your Comments