മരിയുപോൾ: ഉക്രൈനിൽ റഷ്യ അധിനിവേശം നടത്തി അഞ്ച് ദിവസം കഴിഞ്ഞിട്ടാണ്, അവർ മരിയുപോളിലേക്ക് കാലെടുത്ത് വെച്ചത്. കേവും ഖാർകീവും ആയിരുന്നു റഷ്യ ആദ്യം ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ, ഇവിടെയുള്ളതിനേക്കാൾ ദുരന്തമാണ് മരിയുപോളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. യുദ്ധം ആരംഭിച്ചതിനു പിന്നാലെ, 2500 ലധികം സാധാരണക്കാരാണ് മരിയുപോളിൽ പിടഞ്ഞു വീണത്. മരിയുപോളിൽ 2500-ലധികം സാധാരണക്കാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
അതിവേഗമാണ് സാഹചര്യങ്ങൾ വഷളായത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം വലിയ കുഴികളെടുത്ത് അതിൽ, ഒരുമിച്ചിട്ടാണ് സംസ്കരിക്കുന്നത്. കൂട്ട സംസ്കരണത്തിന്റെ ചിത്രങ്ങൾ മരിയുപോളിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ശക്തമായി പ്രതിരോധിക്കുന്ന, ഉക്രേനിയൻ സൈന്യത്തെ പരാജയപ്പെടുത്താൻ കഴിയാത്ത പുടിൻ, നിരായുധരായ സാധാരണക്കാരെ ബോംബെറിഞ്ഞ് കൊല്ലുകയാണെന്ന് ഉക്രൈന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. സാഹചര്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് സൂചനകൾ.
അതേസമയം, മരിയുപോളിൽ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണത്തിൽ കെട്ടിടങ്ങളും വീടുകളും ആശുപത്രികളും തെരുവുകളും തകർന്നു. ഒരു ദുരന്തഭൂമിയായി മരിയുപോൾ മാറി. യുദ്ധത്തിൽ ആരും ജയിക്കുന്നില്ല. ഇരകൾ മാത്രമാണ് ഓരോ യുദ്ധത്തിലും അവശേഷിക്കുന്നത്. ഞെട്ടിക്കുന്ന ഓർമകളും വേദനകളും മാത്രമാണ് ഒരോ യുദ്ധവും ബാക്കിയാക്കുന്നത്.
Post Your Comments