ബംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോടതി വിധി അനുസരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസമാണ് വിഷയമെന്നും മറ്റൊന്നിനും പ്രാധാന്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ ഭാവിയുടെ പ്രശ്നമാണെന്നും കോടതി വിധി അനുസരിച്ച് സ്കൂളിൽ വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചാണ്, ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികൾ സമർപ്പിച്ച ഹർജി തള്ളിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ആവശ്യമില്ലെന്നും നിലവിലെ നിരോധനം തുടരുമെന്നും ഹൈക്കോടതി അറിയിച്ചു. യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്നും ഇസ്ലാം മതവിഭാഗത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് യൂണിഫോമിനെ എതിർക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന സർക്കാർ വാദം അംഗീകരിക്കുന്ന വിധിയാണ് ഹൈക്കോടതി പ്രഖ്യാപിച്ചത്.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. മതാചാരത്തിനുള്ള സ്വാതന്ത്ര്യം പൗരനുണ്ടെന്നായിരുന്നു ഹർജിക്കാർ വാദിച്ചത്. എന്നാൽ, ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments