ബംഗളൂരു: തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. വോട്ടർമാരെ സ്വാധീനിച്ചും കൃത്രിമം കാണിച്ചുമാണ് വരുണ നിയോജക മണ്ഡലത്തിൽ നിന്നും സിദ്ധരാമയ്യ വിജയിച്ചത് എന്നാണ് പരാതി. വരുണ സ്വദേശിയായ കെ.എം ശങ്കറാണ് സിദ്ധരാമയ്യയ്‌ക്കെതിരെ പരാതി നൽകിയത്.
സോമശ്വരപുര ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് അദ്ദേഹം. തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതുൾപ്പെടെ സിദ്ധരാമയ്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ ജസ്റ്റിസ് സുനിൽ ദത്ത് യാദവാണ് നോട്ടീസ് നൽകിയത്. ‘തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർമാർക്കായി അഞ്ച് വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. ഇതുവഴി വോട്ടർമാരെ സ്വാധീനിക്കുകയായിരുന്നു സിദ്ധരാമയ്യ ചെയ്തത്.
യഥാർത്ഥത്തിൽ ഈ പദ്ധതികളിലൂടെ വൻ അഴിമതിയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ ഇത് ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം.’ സിദ്ധരാമയ്യ നിരവധി അഴിമതി കേസുകളിൽ പ്രതിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഹർജി സെപ്തംബർ 1 ന് കോടതി വീണ്ടും പരിഗണിക്കും. അതിന് മുന്നോടിയായി നോട്ടീസിൽ വിശദീകരണം നൽകണം എന്നാണ് സിദ്ധരാമയ്യയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments