ന്യൂഡല്‍ഹി: യുക്രെയ്‌നെതിരെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചതോടെ യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി പോളണ്ടിലേക്കു മാറ്റി. കീവിലെ സുരക്ഷാ സാഹചര്യങ്ങള്‍ മോശമായതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ എംബസി കീവില്‍ നിന്ന് പോളണ്ടിലേയ്ക്ക് താല്‍ക്കാലികമായി മാറ്റിയത്. തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ സേനയുടെ കനത്ത ആക്രമണം തുടരുകയാണ്.
‘യുക്രെയ്‌ന്റെ പടിഞ്ഞാറു ഭാഗങ്ങളിലും ആക്രമണം രൂക്ഷമായതിനാല്‍, സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്, യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി പോളണ്ടിലേക്കു മാറ്റുകയാണ്. സാഹചര്യങ്ങള്‍ മാറുന്നതിന് അനുസരിച്ചു തീരുമാനം പുനഃപരിശോധിക്കും’, കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം ചേര്‍ന്നതിനു പിന്നാലെയാണ് ഇന്ത്യന്‍ എംബസി മാറ്റാനുള്ള തീരുമാനമെടുത്തത്.
Post Your Comments