തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ കുടുങ്ങിയ വ്ലോഗർ ശ്രീകാന്ത് വെട്ടിയാർ സിനിമാ പ്രൊമോഷനുമായി രംഗത്ത്. പീഡന കേസിൽ ആരോപണം നേരിടുന്ന സമയത്ത്, താൻ അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പങ്കുവെച്ച ശ്രീകാന്തിന് നേരെ രൂക്ഷ വിമർശനം. പോസ്റ്റിനു താഴെ വരുന്ന വിമർശനങ്ങളിൽ ചിലതിന് നേരിട്ട് മറുപടിയും കൊടുക്കുന്നുണ്ട്.
‘താങ്കളെക്കുറിച്ച് ഉയർന്ന ആരോപണത്തിന് മറുപടി പറയാൻ ബാധ്യസ്ഥനാണ്. അതിനു ശേഷം പോരെ പ്രൊമോഷൻ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘കേസിൽ ഇപ്പോൾ അന്വേഷണം നടക്കുന്നു. നിയമപരമായി നേരിടും. പൊതുയിടത്തിൽ ഒന്നും പറയാനില്ല’– എന്നായിരുന്നു ശ്രീകാന്തിന്റെ മറുപടി. നന്മ മരം വെട്ടിയാർജി ആദ്യം പീഡന കേസിൽ ഒരു മറുപടി പറ എന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്.
നിലവിൽ, പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാർ. കൊല്ലം സ്വദേശിനിയായ യുവതിയാണ് ശ്രീകാന്തിനെതിരായി പീഡന പരാതി നൽകിയത്. പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ലാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വെച്ചും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി പോലീസിന് നൽകിയ പരാതി. സമൂഹ മാധ്യമങ്ങള്‍ വഴി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച പരാതിക്കാരി പിന്നീട് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് സുഹൃത്തുക്കൾ വഴി സമ്മർദ്ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.
Post Your Comments