മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിൽ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഫാഫ് ഡുപ്ലെസിയെ നായകനാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന്റെ തീരുമാനത്തെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഡുപ്ലെസിയുടെ പരിചയ സമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നും അതിനാല്‍, ഫാഫിനെ ആര്‍സിബി നായകനാക്കിയതില്‍ എനിക്ക് അത്ഭുതമില്ലെന്നും ഗാവസ്‌കർ പറഞ്ഞു.
‘ഫാഫ് ഡുപ്ലെസിയില്‍ ഏറെ ക്യാപ്റ്റന്‍സി പരിചയവും നേതൃഗുണവും കാണാം. അതിനാല്‍, അദ്ദേഹത്തെ ആര്‍സിബി നായകനാക്കിയതില്‍ എനിക്ക് അത്ഭുതമില്ല. ദക്ഷിണാഫ്രിക്കന്‍ ടീമിനെ അദേഹം മുന്നോട്ടുനയിച്ചത് നമുക്ക് മുന്നിലുണ്ട്. പ്രശ്‌നങ്ങള്‍ ടീമില്‍ നിലനില്‍ക്കുന്ന സമയത്ത് ഒത്തൊരുമയോടെ കൊണ്ടുപോവുകയും മികച്ചതാക്കി മാറ്റുകയും ഡുപ്ലെസി ചെയ്തു. ഫാഫിനെ നായക പദവി ആര്‍സിബി ഏല്പിക്കുന്നത് തന്നെ ഗംഭീര തീരുമാനമാണ്’ ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നായക സ്ഥാനത്ത് നിന്ന് പിന്മാറിയതോടെയാണ് ഡുപ്ലെസിയെ നായക സ്ഥാനത്തേക്ക് ആര്‍സിബി പരിഗണിച്ചത്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ നാലാം കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഡുപ്ലെസി. 2016 മുതല്‍ 2020 വരെ എല്ലാ ഫോര്‍മാറ്റുകളിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായിരുന്നു ഡുപ്ലെസി.
Post Your Comments