ഷാങ്ഹായി: ചൈനയിലെ ഷാങ്ഹായിൽ നിന്നും പുറത്തുവരുന്നത് ഒരു വിചിത്ര സംഭവമാണ്. തന്റെ വളർത്തുകോഴിക്ക് പെഡിക്യൂർ ചെയ്ത യുവതിയുടെ വാർത്ത അമ്പരപ്പോടെയാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. യി യി എന്ന യുവതിയാണ് സോഷ്യൽ മീഡിയയിലെ താരം. തന്റെ വളർത്തുകോഴിയെ സുന്ദരിയാകാൻ വേണ്ടിയാണ് യി യി സലൂണിലെത്തിയത്. മനുഷ്യർക്ക് മാത്രം പെഡിക്യൂർ ചെയ്യുന്ന സലൂൺ ജീവനക്കാർ, കോഴിയുമായെത്തിയ യി യിയെ കണ്ട് അമ്പരന്നു.
യുവതിയുടെ ആവശ്യം അവർ നിരസിക്കുകയാണ് ചെയ്തത്. ഒരു കോഴിയെ പെഡിക്യൂർ ചെയ്തുവെന്ന് അറിഞ്ഞാൽ അവിടെ സ്ഥിരം വരുന്ന ആളുകൾ അതൃപ്തരാകുമെന്നും, അത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്നും കടയുടമ അവളോട് പറഞ്ഞു. ഉടമയുടെ മറുപടി യി യിയെ വിഷമിപ്പിച്ചുവെങ്കിലും, വിട്ടുകൊടുക്കാൻ യുവതി തയ്യാറായില്ല. സ്വന്തം കോഴിയുടെ നഖങ്ങൾ, താൻ സ്വയം മനോഹരമാക്കുമെന്ന് അവർ പറഞ്ഞു. അങ്ങനെ ഏകദേശം ഒരു മണിക്കൂറിലധികം സമയമെടുത്ത് അവൾ കോഴിയുടെ നഖങ്ങൾ സുന്ദരമാക്കി.
ആദ്യം കാലുകൾ കഴുകി വൃത്തിയാക്കി. തുടർന്ന് ഒന്ന് വിടാതെ ഓരോ കാലിലും നെയിൽ പോളിഷ് ഇട്ടു. ഓരോ കാലിലും ഓരോ നിറത്തിലുള്ള നെയിൽ പോളിഷാണ് അവൾ ഇട്ടു കൊടുത്തത്. ശേഷം, കോഴിയുടെ നഖങ്ങളിൽ മുത്തുകളും പതിച്ചു കൊടുത്തു. യി യി തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ, ഇവർ പോലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ഇത് പ്രചരിച്ചത്. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നു. ഒരു തരത്തിൽ പക്ഷിയെ പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്ന് വീഡിയോ കണ്ട ആളുകൾ വിമർശിച്ചു. എന്നാൽ, പക്ഷിയുടെ നടത്തത്തെ ഇത് ബാധിച്ചിട്ടില്ലെന്നും, കോഴിക്ക് യാതൊരു പ്രയാസവും ഇല്ലെന്നും യി യി മറുപടി പറഞ്ഞു.
Post Your Comments