റാഞ്ചി: തിരഞ്ഞെടുപ്പുകളില്‍ തകര്‍ന്നടിഞ്ഞതിനു ശേഷമുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍, ഗാന്ധി കുടുംബത്തിന് അനുകൂലമായി പ്രമേയം പാസാക്കി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് ഗാന്ധി കുടുംബം അനിവാര്യമാണെന്ന് കമ്മിറ്റിയുടെ പ്രമേയം പറയുന്നു. സോണിയാ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും രാജിവെക്കുമെന്ന് മുന്‍പ് സൂചന പുറത്തുവന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്നും നെഹ്‌റു കുടുംബം വിട്ടുനില്‍ക്കാന്‍ സാധ്യത കുറവാണ്.
അതേസമയം, കെ.സി വേണുഗോപാലിന് എതിരെ തിരിഞ്ഞിരിക്കുന്ന തിരുത്തല്‍വാദി നേതാക്കളുടെ വിയോജിപ്പ് ശക്തി പ്രാപിക്കുകയാണ്. സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.സിയെ നീക്കണമെന്ന് ഗ്രൂപ്പ് 23 നേതാക്കൾ ആവശ്യപ്പെട്ടു. ലോക്‌സഭാ കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റണമെന്നും നേതാക്കൾ ആവശ്യപ്പെട്ടേക്കാം.
കെ.സി വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യത്തെ ഉമ്മന്‍ ചാണ്ടിയും പിന്തുണച്ചത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം വേണുഗോപാലിന്റെ ഇടപെടലാണെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. എന്നാല്‍, രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്ക് അപ്പുറം, കെ.സി വേണുഗോപാലിനെ വ്യക്തിപരമായി ആക്രമിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി എതിര്‍പ്പ് അറിയിച്ചു.
Post Your Comments