തിരുവനന്തപുരം: എല്ലാ മേഖലകളിലും വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ തന്നെ നികുതിയും, ബസ് ചാർജും, വൈദ്യുതി നിരക്കും കൂട്ടുമെന്ന് പ്രഖ്യാപിച്ചതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ ജനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധിയിൽ നിന്ന് ഇതുവരെ കരകയറാനാവാത്ത മലയാളി എങ്ങനെ ഈ വിലക്കയറ്റം താങ്ങും?
ഗ്യാസ് വില വർധനയിൽ വലഞ്ഞ ജനങ്ങൾ ഇപ്പോൾ അതിനെ മറികടക്കുന്നത് ഇലക്ട്രിക് അടുപ്പുകൾ ഉപയോഗിച്ചുകൊണ്ടാണ്. വൈദ്യുതി ചാർജ് വർധിപ്പിക്കുന്നതോടെ ആഹാരം പാകം ചെയ്യാൻ പോലും പേടിക്കേണ്ട അവസ്ഥയായിരിക്കും സംസ്ഥാനത്ത് രൂപപ്പെടുന്നത്.
വൈദ്യുതി നിരക്കിനൊപ്പം ബസ് ചാർജും വർധിപ്പിക്കുമെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയും അത്യധികം ബുദ്ധിമുട്ടുകളാണ് സാധാരണക്കാർക്ക് നൽകുന്നത്. ഭൂരിഭാഗം മനുഷ്യരും ആശ്രയിക്കുന്ന പൊതു ഗതാഗതത്തിന് പോലും വില വർധിച്ചാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. നിലവിലെ നികുതി വർധനവ് തന്നെ ജനങ്ങൾക്ക് ഓർക്കാപ്പുറത്തു സർക്കാർ നൽകിയ ഒരു ഇരുട്ടടിയാണ്.
Post Your Comments