Latest NewsNewsInternational

‘പ്രണയിച്ചാൽ ശിക്ഷ, മുടി കറുപ്പിച്ചാലും എട്ടിന്റെ പണി’: വിചിത്രമായ 5 ജാപ്പനീസ് സ്കൂൾ നിയമങ്ങൾ

ജപ്പാനിലെ സ്‌കൂളുകൾ കർശനമായ നിയന്ത്രണങ്ങൾക്ക് പേരുകേട്ടതാണ്. പെൺകുട്ടികൾക്ക് പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ വിലക്ക് വന്നതോടെ, വിവിധ സ്‌കൂളുകളിൽ നിരോധിച്ചിരിക്കുന്ന വിചിത്ര രീതികൾ വീണ്ടും ചർച്ചയാകുന്നു. വിദ്യാർത്ഥികളുടെ സോക്‌സിന്റെ നീളം മുതൽ അടിവസ്ത്രത്തിന്റെ നിറം വരെയുള്ള കാര്യങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഓരോ സ്‌കൂളുകളും നടപ്പിലാക്കുന്നത്. ജപ്പാന് പുറത്ത് താമസിക്കുന്ന ആളുകൾക്ക് ഇത് പരിഹാസ്യമായി തോന്നുമെങ്കിലും, ഈ സംഭവം രാജ്യത്തിനകത്ത് വളരെ സാധാരണമാണ്. എന്നാൽ എല്ലാ ജാപ്പനീസ് സ്കൂളുകളിലും അത്തരം വിചിത്രമായ നിയമങ്ങൾ ഇല്ല കേട്ടോ.

അച്ചടക്കത്തിനും മാന്യമായ ജീവിതശൈലിക്കും പേരുകേട്ട രാജ്യമാണ് ജപ്പാൻ. അവർ പിന്തുടരുന്ന ചില വിചിത്രമായ നിയമങ്ങളുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് ജപ്പാനിലെ ക്ലാസ്മുറികളിൽ ഉണ്ടായ അതിക്രമങ്ങളെ കുറിച്ച് അറിയുമ്പോഴാണ് എന്തുകൊണ്ടാണ്, ഇത്തരം വിചിത്ര നിയമങ്ങൾ അവിടെ ഉണ്ടാകുന്നതെന്ന് മനസിലാവുക. എന്നിരുന്നാലും, ഇത്തരം നിയമങ്ങൾ രൂപപ്പെടാനുണ്ടായ സാഹചര്യങ്ങളിൽ ഇപ്പോൾ മാറ്റമുണ്ട്. വിദ്യാർത്ഥികളെ ഒരു പരിധിവരെ സംരക്ഷിക്കാൻ ഇത്തരം നിയമങ്ങൾക്ക് കഴിയുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. അവയിൽ ചിലത് നോക്കാം:

സ്‌കൂൾ യൂണിഫോമിലെ നിബന്ധനകൾ:

ജാപ്പനീസ് യൂണിഫോം പതിറ്റാണ്ടുകളായി ഒരു ട്രെൻഡ്സെറ്ററാണ്. ജപ്പാനിലെ മിക്കവാറും എല്ലാ സ്കൂളുകളിലും ഒരുപോലെയുള്ള യൂണിഫോം ആണുള്ളത്. പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം, അവരുടെ പാവാടകളുടെ നീളം അവരുടെ കാൽമുട്ടുകൾക്ക് മുകളിൽ ഒരു നിശ്ചിത ഇഞ്ച് ആയിരിക്കണം. കൃത്യമായി പറഞ്ഞാൽ കാൽമുട്ടുകൾക്ക് 3 ഇഞ്ച് മുകളിലായിരിക്കണം പാവാടയുടെ നീളം ഉണ്ടാകേണ്ടത്. അതിൽ കൂടുതലോ കുറവോ ആയാൽ ശിക്ഷിക്കപ്പെടും. ഇതിൽ, അടിവസ്ത്രത്തിന്റെ കാര്യത്തിലും വിചിത്ര നിയമങ്ങളുണ്ടായിരുന്നു. വിദ്യാർത്ഥിനികൾ എല്ലായ്പ്പോഴും വെളുത്ത അടിവസ്ത്രം ധരിക്കണമെന്നായിരുന്നു ഇത്. വനിതാ അധ്യാപകർ പെൺകുട്ടികളെ പ്രത്യേക മുറിയിൽ കൊണ്ടുപോയി പരിശോധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, സ്‌കൂളുകളിലെ ഈ നിയമം മനുഷ്യാവകാശങ്ങളും സ്വകാര്യതയും ലംഘിക്കുന്നതാണ് എന്ന വിമർശനം ഉയർന്നതോടെ, കഴിഞ്ഞവർഷമാണ് ഈ നിയമം പിൻവലിച്ചത്.

കൃത്യനിഷ്ഠ നിർബന്ധം:

എല്ലാ ദിവസവും കൃത്യസമയത്ത് സ്‌കൂളിൽ പ്രവേശിച്ചിരിക്കണം. ജാപ്പനീസ് സ്കൂളുകളിൽ സമയനിഷ്ഠ പ്രധാന കാര്യമാണ്. വൈകിയെത്തുന്ന വിദ്യാർത്ഥികൾ, കൃത്യമായ കാരണം ബോധിപ്പിച്ചാൽ മാത്രമേ സ്‌കൂളിൽ പ്രവേശിപ്പിക്കുകയുള്ളു. സ്‌കൂളുകളിലെ ഈ നിയന്ത്രണം, അവരുടെ നിത്യജീവിതത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. കൃത്യസമയത്ത് സ്‌കൂളിൽ എത്തുന്നതിനായി, ചിലർ ഹോസ്റ്റലിൽ താമസിക്കുന്നു. പ്രണയിക്കാനും അനുമതിയില്ല. പ്രണയം എല്ലാം പടിക്ക് പുറത്ത്. സ്‌കൂളുകളിൽ പ്രണയം പിടിച്ചാൽ ശിക്ഷ ഉറപ്പ്.

ലഞ്ച് ബോക്സ് അനുവദനീയമല്ല:

പ്രൈമറി, ജൂനിയർ സ്കൂൾ വിദ്യാർത്ഥികൾക്ക് അവരുടെ വീടുകളിൽ നിന്നും ഭക്ഷണം പൊതിഞ്ഞ് സ്‌കൂളിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. അവർക്ക് ആവശ്യമായ ഭക്ഷണം സ്‌കൂളുകളിൽ നിന്ന് തന്നെ നൽകുന്നു. മെനുവിൽ സൂപ്പ്, മത്സ്യം എന്നിവയുമുണ്ടാകും. വാങ്ങിക്കുന്ന ഭക്ഷണം, മുഴുവൻ കഴിക്കാതെ വെയ്സ്റ്റാക്കിയാൽ ശിക്ഷിക്കപ്പെടും. ഉച്ചഭക്ഷണം വാങ്ങുന്നതിനോ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിനോ അനുവാദമില്ലെന്ന് ചുരുക്കം.

പരസ്പരം അഭിവാദ്യം ചെയ്തിരിക്കണം:

ജാപ്പനീസ് സംസ്കാരത്തിൽ പരസ്പരം അഭിവാദ്യം ചെയ്യുന്നത് വളരെ പ്രധാനമാണ്. വിദ്യാർത്ഥികളും അധ്യാപകരും കാണുമ്പോഴെല്ലാം, പരസ്പരം അഭിവാദ്യം ചെയ്യണം. എല്ലാ ദിവസവും രാവിലെ, ക്ലാസ് മുറിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ എല്ലാ വിദ്യാർത്ഥികളും അവരുടെ അധ്യാപകനെ ഔപചാരികമായി അഭിവാദ്യം ചെയ്യുന്നത് നിർബന്ധമാണ്. അങ്ങനെയാണ് അവർ പാഠങ്ങൾ തുടങ്ങുന്നത്. ചില സ്കൂളുകൾ, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള പ്രഭാത ധ്യാനത്തോടെയാണ് ദിവസം ആരംഭിക്കുന്നത് തന്നെ. ഈ രീതിയിൽ, അധ്യാപകനും വിദ്യാർത്ഥിയും ദിവസം ആരംഭിക്കുന്നത് പോസിറ്റീവ് എനർജി ലഭിക്കാൻ കാരണമാകുമെന്നാണ് പറയുന്നത്.

മുടി ഡൈ ചെയ്യാൻ അനുവാദമില്ല:

ജാപ്പനീസ് സ്കൂളുകളിൽ മുടി കളർ ചെയ്യാനോ കറുപ്പിക്കാനോ അനുമതിയില്ല. വിദ്യാർത്ഥികളുടെ മുടി സ്വാഭാവികമായ കറുപ്പിനേക്കാൾ വ്യത്യസ്തമായ നിറത്തിലാണെങ്കിൽ, അവർ ഒന്നുകിൽ മുടി കറുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ഇത് സ്‌കൂളുകളിൽ അനുവദിക്കാറില്ല. സ്വാഭാവികമായ നിറം മതിയെന്നാണ് നിയമം. സാധാരണഗതിയിൽ, മുടിക്ക് മറ്റ് നിറങ്ങൾ നൽകിയോ എന്നാണ് എല്ലാവരും നോക്കുക. എന്നാൽ, ജാപ്പനീസ് സ്‌കൂളുകളിൽ മുടിക്ക് കറുത്ത നിറം അടിച്ചോ, കളർ ചെയ്തോ എന്നൊക്കെയാണ് നോക്കുക. ഇതോടൊപ്പം, മുടി ചുരുട്ടാനും പാടുള്ളതല്ല. നീണ്ട മുടിയായിരിക്കണം ഉണ്ടാകേണ്ടത്. കൃത്രിമത്വം നിറഞ്ഞ യാതൊന്നും മുടിയിൽ വേണ്ട എന്നാണ് നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button