കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ ദയനീയ തോൽവിക്ക് പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ എന്ന വാചകം എഴുതിയ പോസ്റ്ററുകളാണ് ജില്ലയിൽ പല സ്ഥലങ്ങളിലായി പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകർ ആണെന്ന് തെളിഞ്ഞാൽ, കർശന നടപടി സ്വീകരിക്കുമെന്ന് സംഭവത്തിൽ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു.
കോൺഗ്രസിലെ നേതൃമാറ്റം ആവശ്യപ്പെട്ട് ഗ്രൂപ്പ് 23 നേതാക്കൾ തുടങ്ങിവെച്ച പ്രതിഷേധം താഴെത്തട്ടിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതിന്റെ സൂചനയാണ്, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിക്കെതിരെ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ തന്നെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ എന്ന് കരുതപ്പെടുന്നു. ശ്രീകണ്ഠാപുരം പാർട്ടി ഓഫീസിലും, എരുവേശി ഐച്ചേരി പ്രദേശങ്ങളിലും അജ്ഞാതർ പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്തെ കെ.സിയുടെ വിശ്വസ്തനായ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിന്റെ ഓഫിസിന്റെ പരിസരത്തും പോസ്റ്ററുകൾ കാണപ്പെട്ടു.
സേവ് കോൺഗ്രസ് എന്ന് പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത് എന്നാണ് നേതാക്കളുടെ നിഗമനം. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ കൂട്ടത്തോൽവിക്ക് പിന്നാലെ, കണ്ണൂരിലെ ചില പ്രദേശിക നേതാക്കൾ സാമൂഹിക മാധ്യമങ്ങൾ വഴിയും കെ.സി വോണുഗോപാലിനെതിരെ രംഗത്ത് വന്നിരുന്നു.
Post Your Comments