ന്യൂഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മോശം പ്രകടനത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും ഞായറാഴ്ച നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യോഗത്തിൽ രാജിവെക്കുമെന്ന് സൂചന. NDTV യെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനമാണ് പ്രധാനമായും മൂവരെയും രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് സൂചന.
പരാജയം അവലോകനം ചെയ്യുന്നതായി നാളെ ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗത്തിലായിരിക്കും രാജി പ്രഖ്യാപനം. ദേശീയ മാധ്യമങ്ങളാണ് നിര്‍ണ്ണായക തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. യോഗം നാളെ വൈകീട്ട് നാലിന് ഡല്‍ഹിയിലെ എഐസിസി ഓഫീസില്‍ ചേരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. 2014ലേറ്റ പരാജയത്തിന് പിന്നാലെ, രാജിവെക്കാന്‍ സോണിയാ ഗാന്ധിയും രാഹുലും രാജി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും വര്‍ക്കിംഗ് കമ്മറ്റി ശക്തമായ വിയോജിപ്പ് അറിയിച്ചതിന് തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.
ഇത്തവണ, ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞത് പ്രിയങ്ക ഗാന്ധിയാണ്. യുപി തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് പ്രിയങ്കയുടെ രാജി. തെരഞ്ഞെടുപ്പ് തോല്‍വിക്കുളള കാരണവും, പാര്‍ട്ടിയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യവും നാളത്തെ യോഗം അവലോകനം ചെയ്യാനിരിക്കുകയാണ്. പഞ്ചാബ് ഉള്‍പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിലേയും കനത്ത തോല്‍വിക്ക് ശേഷം ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യാഴാഴ്ച പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തിരുന്നു.
Post Your Comments