ശ്രീനഗർ : ജമ്മു കശ്മീരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിവിധ ഇടങ്ങളിലായി നടന്ന എൻകൗണ്ടറിൽ നാല് ഭീകരരെ വധിച്ച് സൈന്യം. പുൽവാമയിലും, ഹന്ദ്വാരയിലും, ഗന്ദേർബാലിലുമാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവങ്ങളില്‍, നാല് ഭീകരരെ സൈന്യം വകവരുത്തിയതായും, ഒരാളെ ജീവനോടെ പിടികൂടിയതായും കശ്മീര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണ് അക്രമണം അഴിച്ചുവിട്ടതെന്ന് കശ്മീര്‍ പൊലീസ് വ്യക്തമാക്കി.
കൊല്ലപ്പെട്ട ജയ് ഷെ മുഹമ്മദ് ഭീകരന്‍ പാകിസ്താന്‍ സ്വദേശിയാണ് എന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു, കശ്മീരിലെ അഞ്ചോളം ഇടങ്ങളില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. പുല്‍വാമയിലും ഹഡ്വാരയിലും ഉണ്ടായ ഏറ്റുമുട്ടല്‍ അവസാനിച്ചതായും ഇവിടെ നിന്നാണ് ഒരാളെ ജീവനോടെ പിടികൂടിയത് എന്നും ഐജി ചൂണ്ടിക്കാട്ടുന്നു. പുല്‍വാമയിലെ തന്നെ ചെവാക്ലാന്‍ മേഖലയില്‍ ആയിരുന്നു മറ്റൊരു ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ, ഗന്‍ഡേര്‍ബാല്‍ മേഖലയില്‍ ഇന്ന് പുലര്‍ച്ചെയും ഏറ്റുമുട്ടലുണ്ടായി.
നെച്ഹാമ, രാജ്വാര്‍, ഹദ്വാര എന്നിവിടങ്ങളിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഇവിടങ്ങളില്‍ തെരച്ചില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ് എന്നും, മേഖലയിലെ സാഹചര്യങ്ങള്‍ സുരക്ഷാ സേന നിരീക്ഷിച്ച് വരികയാണ് എന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം, കുൽഗാമിലെ ഒഡോറയിൽ ബിജെപി സർപഞ്ചിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ഷബീർ അഹമ്മദ് മിറിനെയാണ് ഭീകരസംഘം വെടിവെച്ച് കൊന്നത്. ഷബീറിന്റെ വീടിന് സമീപത്തു നിന്നാണ് ആക്രമണം ഉണ്ടായത്. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പുൽവാമയിൽ ഉൾപ്പെടെ ഭീകര സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്നലെ രാത്രി തന്നെ തെരച്ചിൽ നടത്തിയിരുന്നു. തുടർന്നാണ് ഭീകരരെ വധിച്ചത്.
Post Your Comments