തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ നീക്കത്തെ നഖശിഖാന്തം എതിർത്ത് സിപിഐ രംഗത്ത്. ഇപ്പോള്‍ തന്നെ, തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ആവശ്യത്തിന് നിയമങ്ങൾ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഭൂപരിഷ്കരണ നിയമത്തില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സിപിഎം സംസ്ഥാന ബജറ്റിൽ വാദിക്കുമ്പോഴാണ്, നിയമത്തില്‍ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്.
പ്ലാന്‍റേഷന്‍ നിര്‍വചനത്തിന്‍റെ പരിധിയില്‍ ഉൾപ്പെടുന്ന റബ്ബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ചേര്‍ത്ത്, പഴവർഗ്ഗ കൃഷികള്‍ ഉൾപ്പെടെ തോട്ടത്തിന്‍റെ ഭാഗമാക്കുന്ന കാലോചിത ഭേദഗതികള്‍ ആവശ്യമാണ് എന്നാണ് ധനമന്ത്രി ഇന്നലെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. ഇടവിളയായി പഴവർഗ്ഗങ്ങള്‍ കൂടി കൃഷി ചെയ്യാന്‍ നേരത്തെ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. കൂടുതള്‍ വിളകൾ ഉള്‍പ്പെടുത്തി തോട്ടപരിധി കുറച്ച്, കൃഷി വ്യാപിപ്പിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്.
പാര്‍ട്ടി നയരേഖയ്ക്ക് അനുസരിച്ചുള്ള ഭേദഗതികള്‍ സി.പി.എം നേതാക്കള്‍ പ്രവർത്തികമാക്കുന്നതിനിടെയാണ്, തങ്ങളുടെ അഭിമാന തീരുമാനമായ ഭൂപരിഷ്കരണത്തില്‍ തൊട്ട് കളിക്കാൻ സർക്കാരിനെ അനുവദിക്കില്ലെന്ന് സി.പി.ഐ നിലപാട് സ്വീകരിച്ചത്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത്, വി.എസ് സുനില്‍കുമാര്‍ കൃഷിമന്ത്രിയായിരിക്കെ കൊണ്ടുവന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ അന്ന് റവന്യൂമന്ത്രി ആയിരുന്ന ഇ. ചന്ദ്രശേഖരന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് സിപിഐ ചര്‍ച്ച ചെയ്ത് തള്ളിക്കളഞ്ഞിരുന്നു.
Post Your Comments