തിരുവനന്തപുരം: ഈ വർഷത്തെ വേൾഡ് ഗ്ലോക്കോമ വാരം സമാപന ചടങ്ങ് കേരള കേരള വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മാർച്ച് 13 ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുന്നിൽ പൊതുജനങ്ങൾ പങ്കെടുക്കുന്ന എയറോബിക് ഫിറ്റ്നസ് ഡാൻസോടുകൂടി ചടങ്ങ് ആരംഭിക്കും.
സ്വസ്തി ഫൗണ്ടേഷൻ നേതൃത്വത്തിൽ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, ദിവ്യപ്രഭ കണ്ണാശുപത്രി, എസ് എൻ യുനൈറ്റഡ് മിഷൻ ഇൻറർനാഷണൽ, ട്രിവാൻഡ്രം റൈഫിൾ അസോസിയേഷൻ, എൽഎൻസിപിഇ, വൈഡബ്ള്യുസിഎ എന്നീ സംഘടനകൾ അണിചേരും.
നിത്യപ്രകാശം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ പ്രഖ്യാപനം അഡ്വ. വികെ പ്രശാന്ത് എംഎൽഎ നിർവഹിക്കും. നിത്യപ്രകാശം പദ്ധതിയിൽ 1233 പോലീസുകാരുടെ നേത്രപരിശോധന പോലീസ് സ്റ്റേഷനിൽ വച്ച് തന്നെ നടത്തുകയുണ്ടായി. ഗ്ലോക്കോമ ബോധവൽക്കരണ ശപഥം കണ്ണാശുപത്രി ഡയറക്ടർ ഡോ. ഷീബ, സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ എന്നിവർ ചൊല്ലി കൊടുക്കും.ഡോ. ദേവിൻ പ്രഭാകർ സ്വാഗത പ്രസംഗം നടത്തും.
കാഴ്ച്ചയുടെ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഗ്ലോക്കോമ എന്ന നേത്ര രോഗത്തെപ്പറ്റി പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാൻ എല്ലാ വർഷവും നടത്തുന്ന ഒരു ബോധവൽക്കരണ പരിപാടിയാണ് വേൾഡ് ഗ്ലോക്കോമ വാരം. ആരംഭദശയിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ട് ഗ്ലോക്കോമ പലപ്പോഴും കണ്ടുപിടിക്കാൻ വൈകാറുണ്ട്. നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടാൻ സാധ്യത കുറവായതുകൊണ്ട് നല്ല കാഴ്ച ഉള്ളപ്പോൾ തന്നെ ഒരു സമ്പൂർണ നേത്ര പരിശോധന നടത്തി ഈ അസുഖം സുഖമുണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്.
Post Your Comments