ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുടെ വോട്ടുകൾ മുഴുവൻ സമാജ്വാദി പാർട്ടിക്ക് ലഭിച്ചെങ്കിലും ഉത്തർപ്രദേശിലെ ബിജെപിയുടെ രണ്ടാമൂഴം വോട്ടുശതമാനത്തിലെ പുരോഗതിയോടെ തന്നെയാണ്. സമാജ്വാദി പാർട്ടിയേക്കാൾ 14 ശതമാനത്തിലധികം സ്ത്രീകളുടെ പിന്തുണ നേടാൻ ബിജെപിക്കു കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീപീഡനവും അക്രമവും തൊഴിലില്ലായ്മയുമാണ് യോഗിഭരണത്തിൽ ഉള്ളതെന്നായിരുന്നു കോൺഗ്രസിന്റെയും സമാജ്വാദി പാർട്ടിയുടെയും പ്രചാരണം.
എന്നാൽ, യോഗി ഭരണത്തിൽ സ്ത്രീകൾ സംതൃപ്തരായിരുന്നു എന്ന് തെളിയിക്കുന്നതാണ് അവർക്ക് ലഭിച്ച പിന്തുണ. തങ്ങൾക്ക് ഇപ്പോൾ ധൈര്യമായി റോഡിൽ ഇറങ്ങി നടക്കാൻ കഴിയുമെന്നായിരുന്നു മലയാള മാധ്യമങ്ങളോട് വരെ ഇവർ പ്രതികരിച്ചത്. ഉത്തർപ്രദേശിൽ ആദ്യമായി ഭരണത്തുടർച്ച നേടുന്ന നേതാവായി യോഗി. 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 255 സീറ്റും എന്‍ഡിഎ സഖ്യം ആകെ 273 സീറ്റുമാണ് നേടിയത്. എസ്പി ഒറ്റയ്ക്ക് 111സീറ്റുകളിലും സഖ്യം 123 സീറ്റുകളിലും വിജയിച്ചു.
നരേന്ദ്ര മോദി സര്‍ക്കാർ കൊണ്ടുവന്ന കർഷക ബില്ലുകള്‍ക്കെതിരെ സമരം ചെയ്ത പ്രധാന വിഭാഗം പടിഞ്ഞാറന്‍ യുപിയിലെ ജാട്ട് സമുദായമാണ്. എന്നാൽ, ജാട്ട് സമുദായത്തിലെ 52 ശതമാനം സ്ത്രീകൾ ബിജെപിക്ക് വോട്ടു നൽകിയപ്പോൾ 40 ശതമാനം പുരുഷൻമാർ ആണ് ബിജെപിയെ പിന്തുണച്ചത്. സംസ്ഥാനത്തെ 20 കോടി ജനങ്ങളില്‍ 15 കോടി ആളുകളിലേക്കും സൗജന്യ റേഷൻ പദ്ധതി എത്തിയെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. അരിയും ഗോതമ്പും പരിപ്പും പലവ്യഞ്ജനങ്ങളും സൗജന്യമായി ലഭിച്ചത് ഭൂരിഭാഗം കുടുംബങ്ങളിലും തീ പുകയാൻ കാരണമായി.
സ്ത്രീകളുടെ പേരിൽ തന്നെയായിരുന്നു കൂടുതൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും. വീട്, ശുചിമുറി, എന്നിവയുടെ നിർമാണം, മാസം 1500 രൂപ, രണ്ട് ഗ്യാസ് സിലിണ്ടറുകൾ അധികം, വിദ്യാർഥിനികൾക്ക് സ്കൂട്ടർ, സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകൾക്ക് ധനസഹായം, ഓരോ വീടുകളിലും പൈപ്പ് കുടിവെള്ളം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് ബിജെപി നൽകിയത്. 2014 വരെ ബിജെപിക്ക് സ്ത്രീ വോട്ടർമാരുടെ വലിയ പിന്തുണ ഇല്ലായിരുന്നു എങ്കില്‍, 2019 ലെ തിരഞ്ഞെടുപ്പോടെ കാര്യങ്ങൾ മാറിയെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന അസം നിയമസഭ തിരഞ്ഞെടുപ്പിലും സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനേക്കാൾ ശ്രദ്ധേയമായത് മുസ്ളീം വോട്ടുകളുടെ കുത്തൊഴുക്കാണ്. ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ഇസ്ലാമിക പാഠശാലയായ ദാറുല്‍ ഉലും ദയൂബന്ദിന്റെ ആസ്ഥാനമായ ദയൂബന്ദില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ബിജെപി വിജയിച്ചിരിക്കുകയാണ്. സഹാരൻപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദയൂബന്ദ് പട്ടണത്തില്‍ 70% മുസ്ളീം ജനസംഖ്യയുണ്ടെങ്കിലും മണ്ഡലത്തില്‍ 48% മുസ്ളീം വോട്ടര്‍മാരാണുള്ളത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സിറ്റിംഗ് എംഎല്‍എ ബ്രിജേഷ് സിംഗ് 7,104 വോട്ടുകള്‍ക്ക് സമാജ്വാദി പാര്‍ട്ടിയുടെ എതിരാളിയായ കാര്‍ത്തികേയ റാണയെ പരാജയപ്പെടുത്തി. ഇത്തവണ, ബിജെപി ദയൂബന്ദില്‍ പരാജയപ്പെടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തിയെങ്കിലും ബിജെപി സീറ്റ് നിലനിര്‍ത്തുകയാണുണ്ടായത്. അതേസമയം, മോദി സർക്കാരിന്റെ സൗജന്യ റേഷനു പുറമേ വിവിധ കേന്ദ്ര ക്ഷേമ പദ്ധതികളും വിജയിക്കാൻ ബിജെപിയെ സഹായിച്ചു. മുൻപു സർക്കാർ പദ്ധതികളിൽ നിന്നുള്ള പണം ജനങ്ങളുടെ അക്കൗണ്ടിൽ എത്തുന്നില്ല എന്ന ആരോപണം തിരഞ്ഞടുപ്പ് പ്രാചരണത്തിനിടെ മോദി ഉന്നയിച്ചിരുന്നു.
ഗരീബ് അന്ന യോജനയ്ക്ക് പുറമെ പിഎം ആവാസ്, പിഎം കിസാൻ, ഉജ്വല, മുദ്ര വായ്പാ പദ്ധദ്ധതി, ആയുഷ്മാൻ ഭാരത്, സംസ്ഥാന പെൻഷൻ പദ്ധതികള്‍ – ഈ പദ്ധതികളിൽ നിന്നൊക്കെയായി കഴിഞ്ഞ അഞ്ചു വർഷത്തിനിടയില്‍ ഓരോ കുടുംബത്തിനും കുറഞ്ഞത് മൂന്നു ലക്ഷം രൂപ വച്ചെങ്കിലും കിട്ടിയിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുകൊണ്ടു തന്നെ, വർഗീയ ഭിന്നിപ്പല്ല, പകരം വികസനവും അടിസ്ഥാനജനതയുടെ ആവശ്യങ്ങളും പരിഗണിച്ചുള്ള ഭരണം തന്നെയാണ് യോഗിയുടെ രണ്ടാമൂഴത്തിനു കാരണമായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Post Your Comments