കോട്ടയം: പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെട്ടിച്ചെടുത്ത ബൈക്ക് മറിഞ്ഞു. ബൈക്കോടിച്ച വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. ബൈക്ക് അപകടത്തില്‍ പെട്ടതോടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി ഓടിരക്ഷപ്പെട്ടു. പിടിയിലായ വിദ്യാര്‍ത്ഥി മദ്യലഹരിയിലായിരുന്നെന്ന് വൈദ്യപരിശോധനിയില്‍ കണ്ടെത്തി.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കോട്ടയം ഗാന്ധിനഗറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ തൃശൂര്‍ സ്വദേശിയായ 22കാരനും തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്.
Read Also : ഇനി അടുത്ത ഉന്നം കേരളവും തമിഴ്‌നാടും: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യം വെച്ച് ആം ആദ്മി
ബൈക്കോടിച്ചിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ചിരുന്നില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപംവെച്ച് പൊലീസ് കൈ കാണിച്ചു. ഇതുകണ്ട് യുവാവ് ബൈക്ക് വെട്ടിച്ച് അമിത വേഗത്തില്‍ പാഞ്ഞുപോയി. എന്നാല്‍, ചന്തകവലയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് തെന്നിമറിഞ്ഞതോടെ ഇരുവരും വഴിയിലേക്ക് തെറിച്ചുവീണു. അപകടം കണ്ട് നാട്ടുകാര്‍ ഓടിവന്നപ്പോഴേക്കും ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥിനി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്, നാട്ടുകാര്‍ വിദ്യാര്‍ഥിയെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിച്ചു.
ലൈസന്‍സില്ലാതെയും മദ്യപിച്ചും വാഹനമോടിച്ചതിന് വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കോട്ടയം ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments