സുമി: യുദ്ധം ആരംഭിച്ചത് മുതൽ ആൺ, പെൺ വ്യത്യാസമില്ലാതെയാണ് ഉക്രൈൻ സൈന്യം റഷ്യയെ നേരിടുന്നത്. തങ്ങളുട നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ, ജീവൻ പോകുമോയെന്ന പേടിയില്ലെന്ന് ഉക്രൈൻ വനിതകൾ പറയുന്നു. സൈന്യത്തിൽ തുല്യ അവകാശത്തിനായി പോരാടിയിരുന്ന ഉക്രൈൻ വനിതകളാണ് ഇപ്പോൾ യുദ്ധക്കളത്തിൽ തങ്ങളുടെ കഴിവ് തെളിയിക്കുന്നത്. തങ്ങളാൽ കഴിയുമെന്ന് അവർ ഓരോരുത്തരെയും ബോധിപ്പിക്കുകയാണ്. രാജ്യത്തുടനീളമുള്ള സ്ത്രീകൾ, റഷ്യക്കെതിരായ ഉക്രൈൻ സൈന്യത്തിന്റെ പോരാട്ടത്തിൽ പങ്കാളികളാവുകയാണ്.
സി.എൻ.എൻ റിപ്പോർട്ടനുസരിച്ച്, നിലവിൽ റഷ്യയുമായി യുദ്ധം ചെയ്യുന്ന സൈനികരിൽ 15% സ്ത്രീകളാണ്. ഇതിൽ തന്നെ ചിലർ, ഔദ്യോഗികമായി സൈന്യത്തിൽ അംഗങ്ങളല്ല. തോക്ക് എങ്ങനെ കൈകാര്യം ചെയ്യാം, എങ്ങനെ വെടിയുതിർക്കാം എന്നത് പോലുള്ള കാര്യങ്ങളിൽ ‘ക്രാഷ് കോഴ്സുകൾ’ ചെയ്തവരാണ് ഇക്കൂട്ടർ.
Also Read:കെഎസ്ആർടിസി മുൻ ജീവനക്കാരൻ നടുറോഡിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു
‘ഉക്രേനിയൻ സൈന്യത്തെ പിന്തുണച്ച് യുദ്ധം ചെയ്യണമോ വേണ്ടയോ എന്ന് സ്ത്രീകൾക്ക് തീരുമാനിക്കാമെന്ന ഓപ്ഷൻ ഉണ്ടായിരുന്നു. കുട്ടികൾ ഉള്ളവരോട് യുദ്ധം ചെയ്യാൻ സൈന്യം ആവശ്യപ്പെട്ടില്ല. പക്ഷെ, ഇത് ഞങ്ങൾ തിരഞ്ഞെടുത്തതാണ്. യുദ്ധമുഖത്ത് പോരാടുന്നവരിൽ 15% വും സ്ത്രീകളായിരിക്കും’, കീവിൽ തുടരാൻ തീരുമാനിച്ച ഉക്രേനിയൻ പാർലമെന്റ് അംഗം കിരാ റൂഡിക് വ്യക്തമാക്കി.
റഷ്യയ്ക്കെതിരെ തങ്ങളുടെ രാജ്യത്തെ പിന്തണയ്ക്കുന്ന കാര്യത്തിൽ സ്ത്രീകൾ മുൻപന്തിയിലാണ്. എന്നാൽ, അടുത്തിടെ വരെ സ്ത്രീകൾക്ക് സൈന്യത്തിൽ തുല്യത നൽകിയിരുന്നില്ല. 2014-ൽ റഷ്യ അധിനിവേശം നടത്തിയപ്പോൾ, പുരുഷന്മാരെ മുൻനിരയിലേക്ക് അണിനിരത്തിയായിരുന്നു ഉക്രൈൻ യുദ്ധം ചെയ്തത്. അന്ന് ‘സന്നദ്ധസേവകരായി’ നിരവധി സ്ത്രീകൾ ഉക്രൈന് വേണ്ടി പോരാടി. അതൊന്നും എവിടെയും ചർച്ചയായില്ല. അവർ യുദ്ധ വേഷങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും, കടലാസിൽ അവരെ ‘തയ്യൽക്കാരികൾ, പാചകക്കാർ അല്ലെങ്കിൽ മറ്റ് യുദ്ധേതര തൊഴിലുകൾ’ എന്നിങ്ങനെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ഒരിക്കൽ ഒന്നുമല്ലെന്ന് പറഞ്ഞ്, തള്ളിക്കളഞ്ഞവർ ഇന്ന് അവരുടെ സേവനവും ധൈര്യവും നേരിട്ടറിയുകയാണ്.
Post Your Comments