CricketLatest NewsNewsSports

അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ല: കെസിഎയ്‌ക്കെതിരെ വിമര്‍ശനവുമായി ശ്രീശാന്ത്

മുംബൈ: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത വിമര്‍ശനവുമായി മുൻ ഇന്ത്യൻ പേസർ എസ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നും മാന്യമായി വിരമിക്കാനുള്ള അവസരം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഇത് തന്റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നിട്ടും, പരമ്പര പൂർത്തിയാകാൻ അവസരം നല്‍കിയില്ലെന്നാണ് താരത്തിന്റെ ആരോപണം.

ഗുജറാത്തിനെതിരായ മത്സരത്തില്‍ നിന്നും തഴയാന്‍ പരിക്കിനെ കാരണമാക്കിയെന്നും താരം വിമര്‍ശിക്കുന്നു. ദേശീയ ടീമിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ച്ചയായി അവഗണിക്കപ്പെടലുണ്ടാകുമ്പോള്‍ സാധാരണ സംഭവിക്കുന്ന കാര്യമാണ് താനും ചെയ്തതെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യയ്ക്കായി ടി20, ഏകദിന ലോകകപ്പ് നേടിയ താരമാണ് ശ്രീശാന്ത്.

‘ക്രിക്കറ്റ് കളിച്ചുകൊണ്ടു തന്നെ വിരമിക്കല്‍ പ്രഖ്യാപിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. ഗുജറാത്തിനെതിരെ കളിക്കുന്നത് എന്റെ അവസാന മത്സരമാകുമെന്ന് ഞാന്‍ ടീം യോഗത്തില്‍ പറഞ്ഞിരുന്നു. അതിനുശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നും ഞാൻ അവരെ അറിയിച്ചിരുന്നു. ഒരു മത്സരം കളിച്ചുകൊണ്ടു വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും ഞാന്‍ അര്‍ഹിക്കുന്നില്ലേ. അതും അവര്‍ നിഷേധിച്ചു. അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ല’ ശ്രീശാന്ത് പറഞ്ഞു.

Read Also:- ഇന്ത്യ-ശ്രീലങ്ക പിങ്ക് ടെസ്റ്റ്: കാണികളെ പ്രവേശിപ്പിക്കാൻ അനുമതി

രഞ്ജി ട്രോഫിയിലൂടെ ഒമ്പത് വര്‍ഷത്തിന് ശേഷമാണ് സജീവ ക്രിക്കറ്റിലേക്ക് താരം മടങ്ങിവന്നത്. ഇന്ത്യക്കായി 27 ടെസ്റ്റില്‍ പന്തെറിഞ്ഞ ശ്രീശാന്ത് 87 വിക്കറ്റ് വീഴ്ത്തി. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റും 10 ടി20 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും താരം തന്റെ കരിയറിൽ നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button