കോഴിക്കോട്: അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്ന കാര്യമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ബി.ജെ.പിക്ക് ബദലോ വെല്ലുവിളിയോ ആവാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും തീവ്രമായ വര്‍ഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങള്‍ക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യു.പിയില്‍ ബി.ജെ.പി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സര്‍ക്കാര്‍ നിലനിര്‍ത്തിയതെന്നും എം.എ. ബേബി പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നാലിലും ബിജെപിക്ക് ഉണ്ടായ വിജയം എല്ലാ ജനാധിപത്യ വാദികളെയും ദുഖിപ്പിക്കുന്ന കാര്യം ആണ്. നമ്മുടെ രാജ്യം നേരിടുന്ന വർഗീയ വെല്ലുവിളി അവസാനിക്കുന്നില്ല എന്നത് വരും കാലത്ത് ഭീഷണമാകാൻ പോവുകയാണ്.
കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ കഴിയില്ല, ബിജെപിയെ വെല്ലുവിളിക്കാൻ ആവില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഒരു കോൺഗ്രസിതര പ്രതിപക്ഷ സാധ്യത ഉണ്ടായിരുന്ന പഞ്ചാബിൽ ജനങ്ങൾ സർവാത്മനാ അതിനെ സ്വീകരിച്ചു.
തീവ്രമായ വർഗീയ ധ്രുവീകരണം, മാധ്യമങ്ങളുടെ വലിയ വിഭാഗങ്ങൾക്കുമേലുള്ള നിയന്ത്രണം, അപാരമായ പണശക്തി എന്നിവയിലൂടെയാണ് യുപിയിൽ ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും സർക്കാർ നിലനിർത്തിയത്. ജനങ്ങൾ നേരിടുന്ന വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും, സൗജന്യ ഭക്ഷ്യധാന്യ വിതരണം പോലുള്ള ആശ്വാസ നടപടികൾ ഇവിടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി
ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയിച്ചു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ആധിപത്യത്തെയാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദുത്വ-കോർപ്പറേറ്റ് ഭരണകൂടത്തിനും അതിന്റെ നയങ്ങൾക്കും വളരുന്ന സ്വേച്ഛാധിപത്യത്തിനും എതിരായ പോരാട്ടത്തിൽ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുകയും തങ്ങളുടെ ശ്രമങ്ങൾ ഇരട്ടിപ്പിക്കുകയും ചെയ്യും എന്നതാണ് ഈ അവസരത്തിൽ നമ്മൾ എടുക്കേണ്ട പ്രതിജ്ഞ.
Post Your Comments