തിരുവനന്തപുരം: ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കാലഘട്ടത്തിന്റെ സ്പന്ദനം തിരിച്ചറിയാത്തതും, ദിശാബോധം നഷ്ടമായതുമായ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. യാഥാര്‍ത്ഥ്യവുമായി അതിന് ഒരു പൊരുത്തവുമില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് തുക നീക്കിവെച്ചിട്ടുണ്ടെങ്കിലും, ഏത് തരത്തിലാണ് അത് വിനിയോഗിക്കുന്നത് എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ധനവിലയിലൂടെ ലഭിക്കുന്ന അധിക നികുതിക്ക് പുറമേ, മറ്റു മേഖലകളിലെ നികുതിയും വർദ്ധിപ്പിച്ച്, സർക്കാർ ജനങ്ങളെ കൂടുതല്‍ പിഴിയാനുള്ള ശ്രമത്തിലാണ്. കടമെടുത്ത് മുച്ചൂടും മുടിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാര്‍, ധൂര്‍ത്ത് കുറയ്ക്കാൻ ആവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ പൊതുധനസ്ഥിതിയെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണം’ അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനത്തിന് റവന്യു വരുമാനത്തെക്കാള്‍ ചെലവുണ്ട്. അതിന് പുറമേ കടമെടുപ്പും കൂടിയാകുമ്പോള്‍, ട്രഷറി താഴിട്ട് പൂട്ടേണ്ട സാഹചര്യമാണ്. ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെയാണ് ക്ഷേമപദ്ധതികളും, സാമൂഹ്യ സുരക്ഷാ പദ്ധതികളും തുടരാന്‍ കഴിയുക? കൈയിൽ പണമില്ലാതെ പുത്തന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ട് എന്ത് പ്രയോജനം? സംസ്ഥാന സര്‍ക്കാരിന്റെ പൊതുകടം ഓരോ വർഷം കഴിയുന്തോറും വർദ്ധിക്കുകയാണ്’ സുധാകരൻ ആരോപിച്ചു.
Post Your Comments