ന്യൂഡൽഹി: രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തി കെ.വി തോമസ്. ഇക്കാര്യം ഉന്നയിച്ച് സോണിയാ ഗാന്ധിയെയും തോമസ് കണ്ടേക്കും.
രാജ്യസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തോമസ് നേരത്തെ പറഞ്ഞിരുന്നു. പരിചയ സമ്പത്തുള്ള നേതാവാണ് താൻ. അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. താനെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്നും തോമസ് പറഞ്ഞു.
ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ നിന്ന് എ.കെ ആന്‍റണിക്ക് പുറമേ, എം.വി ശ്രേയാംസ്കുമാർ, കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. മാര്‍ച്ച് 14-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ ഇടത് മുന്നണിക്കും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാന്‍ കഴിയും. കേരളത്തിന് പുറമെ പഞ്ചാബ്, അസം, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
Post Your Comments