കീവ്: ഉക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയെ വെള്ളം കുടിപ്പിക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ഉക്രൈൻ. റഷ്യൻ സൈനികർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ്, ഇത് സാധൂകരിക്കുന്ന പുതിയ തെളിവുകൾ ഉക്രൈൻ പുറത്ത് വിട്ടത്. സാധാരണക്കാരെ വെടിവെയ്ക്കാനുള്ള ഉത്തരവ് പാലിക്കാത്ത റഷ്യൻ സൈനികർക്ക് നേരെ, ഓഫീസര്‍മാർ വെടിയുതിര്‍ത്തതായി ഒരു റഷ്യന്‍ സൈനികൻ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ഉക്രൈൻ പുറത്തുവിട്ടിരിക്കുന്നത്. ഉക്രൈന്‍ പ്രതിരോധവൃത്തങ്ങള്‍ പുറത്ത് വിട്ട വീഡിയോ, റഷ്യയ്ക്ക് തിരിച്ചടിയാകുമെന്ന് നിരീക്ഷകർ പറയുന്നു.
ലോകത്തിലെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയ്ക്ക്, 22 ആമത്തെ സൈനിക ശക്തിയായ ഉക്രൈനെ കീഴടക്കാൻ രണ്ടാഴ്ചത്തെ ഷെല്ലാക്രമണങ്ങൾക്കും വെടിവെയ്പ്പുകൾക്കും സാധിച്ചില്ലെന്നതാണ് വസ്തുത. അത്ര പെട്ടന്ന് തങ്ങളെ കീഴടക്കാൻ സാധിക്കില്ലെന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞ് തലയുയർത്തിയാണ് ഉക്രൈൻ യുദ്ധത്തെ പ്രതിരോധിക്കുന്നത്. റഷ്യന്‍ സൈന്യത്തിന്‍റെ ദൗര്‍ബല്യങ്ങളെ കുറിച്ചുള്ള പല റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നു.
Also Read:തൃശൂരില്‍ യുവതിക്ക് നേരെ ആക്രമണം : മധ്യവയസ്കൻ പിടിയിൽ
കഴിഞ്ഞ ഫെബ്രുവരി 24 നാണ് ലോകത്തെ ഞെട്ടിച്ച് കൊണ്ട്, റഷ്യ ഉക്രൈനെ കീഴടക്കുന്നതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചത്. രണ്ട്, മൂന്ന് ദിവസം കൊണ്ട് പണി കഴിയുമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. റഷ്യയ്ക്ക് സമ്പൂർണ വിജയം പ്രവചിച്ച യുദ്ധവിദഗ്ദര്‍ ഉക്രൈന്റെ പ്രതിരോധം കണ്ട് അമ്പരന്നു. ആദ്യ ദിവസം മുതൽ ഇന്നുവരെ അതിശക്തമായാണ് ഉക്രൈൻ, റഷ്യയെ പ്രതിരോധിച്ച് നിർത്തുന്നത്. പതിനഞ്ച് ദിവസങ്ങള്‍ക്കിപ്പുറവും ഉക്രൈന്‍ തലസ്ഥാനം പിടിക്കാന്‍ കഴിയാതെ വന്ന റഷ്യ, ഇപ്പോൾ സാധാരണക്കാർക്ക് നേരെയും വെടിയുതിർത്തത് തുടങ്ങിയിരിക്കുകയാണ്. ആശുപത്രികൾക്ക് നേരെയും സ്‌കൂളുകൾക്ക് നേരെയും റഷ്യ ബോംബാക്രമണം നടത്തി. നിരവധി സാധുക്കൾ പിടഞ്ഞുവീണു.
മൂന്നാം ഘട്ട സമാധാന ചർച്ചയും പ്രതിസന്ധിയിലായി നിൽക്കുന്ന സമയത്താണ്, റഷ്യയുടെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് റഷ്യന്‍ സൈനികര്‍ തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ഉക്രൈന്‍ പുറത്ത് വിട്ടത്. ഉക്രൈന്‍റെ അതിശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് അടുത്തിടെയാണ്, സാധാരണക്കാരുടെ ഇടങ്ങളും റഷ്യ ലക്ഷ്യം വെച്ചത്. സൈനിക കേന്ദ്രങ്ങളും സര്‍ക്കാര്‍ ഓഫീസുകളും മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സാധാരണക്കാരെ ഉപദ്രവിക്കില്ലെന്നുമുള്ള പുടിന്റെ വാക്ക് ആണ് ഇവിടെ ഖണ്ഡിക്കപ്പെട്ടിരിക്കുന്നത്.
Also Read:അവര്‍ക്ക് മാന്യതയെന്തെന്ന് അറിയില്ല: കെസിഎയ്‌ക്കെതിരെ വിമര്‍ശനവുമായി ശ്രീശാന്ത്
യുദ്ധത്തിന്റെ തുടക്കത്തിൽ അതിർത്തി കടന്നെത്തിയ റഷ്യൻ സൈനികർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത് സാധാരണക്കാരായ ഉക്രേനിയക്കാർ ആയിരുന്നു. നഗരത്തിൽ കുടുങ്ങിയ, സൈനികര്‍ക്ക് ചായയും ഭക്ഷണവും നൽകി ഉക്രേനിയക്കാർ സമാശ്വസിപ്പിക്കുന്നതിന്റെയും, അവർക്ക് വീട്ടിലേക്ക് വിളിക്കാന്‍ ഫോൺ നൽകിയതിന്റെയും ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഉക്രൈനിൽ കുടുങ്ങിയ റഷ്യൻ സൈനികരിൽ പതിനെട്ട് വയസ് മാത്രമുള്ളവരും ഉണ്ട്. ഇവരെ അന്വേഷിച്ച് റഷ്യയിലേക്ക് വിളിച്ച മാതാപിതാക്കൾക്ക് അനുകൂല മറുപടികൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. തുടർന്ന്, ഉക്രൈൻ അതിർത്തിയിലെത്തി തങ്ങളുടെ കുട്ടികളെ അന്വേഷിക്കുകയാണ് ഈ അമ്മമാരെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെയാണ്, പുതിയ വീഡിയോ ഉക്രൈൻ പുറത്തുവിട്ടത്. ഈ വീഡിയോയില്‍ റഷ്യന്‍ സൈനികരിലെ അസ്വാരസ്യങ്ങള്‍ വ്യക്തമാവുകയാണ്. സാധാരണക്കാരായ ഉക്രേനികളെ വെടിവെയ്ക്കാന്‍ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ ആണ് വീഡിയോയിലെ സൈനികൻ നടത്തുന്നത്. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദേശം പാലിക്കാതെ, ഇതിന് വിസമ്മതിച്ചവരെ അവർ വെടിവെച്ചെന്നും കൂട്ടത്തിലെ പല സൈനികരും ഇത്തരത്തില്‍ കൊല്ലപ്പെട്ടെന്നും ആണ് സൈനികൻ ആരോപിക്കുന്നത്. ഈ വെടിവയ്പ്പില്‍ തനിക്ക് കാലിന് വെടിയേറ്റതായും ഇയാള്‍ വെളിപ്പെടുത്തി.
Post Your Comments