ഹാമില്‍ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 62 റണ്‍സിന്റെ തോല്‍വി. 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 46.4 ഓവറില്‍ 198ന് എല്ലാവരും പുറത്തായി. 71 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ലിയ തഹൂഹു, അമേലിയ കേര്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
തുടക്കത്തിൽ ഓപ്പണർ സ്മൃതി മന്ഥാനയുടെ(6) വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയ ഇന്ത്യയ്ക്ക് ദീപ്തി ശര്‍മ (5), മിതാലി രാജ് (31) യഷ്ടിക ഭാട്ടിയ(28) എന്നിവരുടെ വിക്കറ്റും വേഗത്തിൽ നഷ്ടമായി. ശേഷം, ക്രീസിലെത്തിയവരില്‍ ആര്‍ക്കും ഹര്‍മന്‍പ്രീതിന്(71) പിന്തുണ നല്‍കാനായില്ല. റിച്ചാ ഘോഷ് (0), സ്‌നേഹ് റാണ (18), പൂജ വസത്രകര്‍ (6), ജുലന്‍ ഗോസ്വാമി (15), രാജേശ്വരി ഗെയ്കവാദ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
ഇതിനിടെ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ഹര്‍മന്‍പ്രീതും പുറത്തായി. മേഘ്‌ന സിംഗ് (12) പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. പൂജ വസ്ത്രകര്‍ നാല് വിക്കറ്റ് വീഴ്ത്തി.
Read Also:- മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ കിവീസിന് കേര്‍- സാറ്റേര്‍വൈറ്റ് കൂട്ടുകെട്ട് മികച്ച ഇന്നിംഗ്സ് പടുത്തുയർത്തി. ഇരുവരും 117 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കേര്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഗെയ്കവാദിനാണ് വിക്കറ്റ്. പിന്നീട്, ക്രീസിലെത്തിയ മാഡ്രി ഗ്രീന്‍, കാറ്റി എന്നിവര്‍ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്.
Post Your Comments