Latest NewsIndia

2024ലെ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ ഫലം: വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡൽഹി : ബിജെപിയെ ഒരിക്കൽ കൂടി നെഞ്ചിലേറ്റിയ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ ഫലങ്ങൾ പുറത്തുവന്നതിന് ശേഷം, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയിൽ ജനസാഗരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിൽ ബിജെപി പുതിയ ചരിത്രം കുറിച്ചെന്നും,
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിക്കുന്നതാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ന്, ആഘോഷത്തിന്റെ ദിവസമാണ്, ജനാധിപത്യത്തിന്റെ വിജയം ആഘോഷിക്കാനുള്ള ദിനമാണ്. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്’ എന്നു പറഞ്ഞ മോദി, പ്രവര്‍ത്തകരെ അഭിനന്ദിച്ചു. വിജയത്തിനായി മുന്നില്‍ നിന്ന് നയിച്ച ജെ.പി.നദ്ദയേയും അഭിനന്ദിച്ചു. ‘സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ വിജയം. ഉത്തര്‍പ്രദേശ് ചരിത്രം കുറിച്ചു. യുപിയില്‍ ഒരു മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. ഇന്ന് മുതല്‍ പ്രവര്‍ത്തകര്‍ക്ക് ഹോളിയാണ്.’

‘സ്ത്രീകളും യുവവോട്ടര്‍മാരും ബിജെപിയെ പിന്തുണച്ചു. കന്നിവോട്ടര്‍മാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത്, നിര്‍ണായകമായി. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു. യുപിയില്‍ ജനങ്ങള്‍ വോട്ട് ചെയ്തത് വികസനത്തിനാണ്. 2024ലെ വിജയത്തിന് ജനം അടിത്തറ പാകി. കൊവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കും. താന്‍ ഒരു കുടുംബത്തിനും എതിരല്ല. കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. ‘പരിവാര്‍ വാദ്’ അവസാനിക്കേണ്ടത് അനിവാര്യമാണ്.’

‘അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്’ – അന്വേഷണ ഏജന്‍സികളെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനുള്ള മറുപടിയായി മോദി പറഞ്ഞു. ‘ഉത്തരാഖണ്ഡിലും ബിജെപി ചരിത്രമെഴുതി. അഴിമതിമൂലം ജനങ്ങള്‍ നേരത്തെ ബുദ്ധിമുട്ടിയിരുന്നു. ബിജെപി പാവങ്ങള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത് വിജയത്തിലേക്ക് നയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ജനങ്ങളും രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ചിലയാളുകൾ രാഷ്‌ട്രീയത്തിന്റെ അന്തസത്ത കളഞ്ഞു കുളിക്കുന്നു.’

‘യുക്രെയ്‌നിൽ നമ്മുടെ വിദ്യാർത്ഥികളും, പൗരന്മാരും കുടുങ്ങിക്കിടന്ന സമയത്ത് രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമുണ്ടാക്കുന്ന തരത്തിൽ ചിലർ സംസാരിക്കാനിടയുണ്ടായി. ഇവർ ഓപ്പറേഷൻ ഗംഗ ദൗത്യത്തെ അപകീർത്തിപ്പെടുത്തി.’ ഭാവിയിൽ ഇന്ത്യയെ അസ്വസ്ഥമാക്കാൻ പോകുന്നത് ഇതാണെന്നും, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button