പനാജി: ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്തെത്തിയ ബിജെപിക്ക് ഭരണത്തുടർച്ച. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ, മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല.
ഫലപ്രഖ്യാപനം വന്നതോടെ, എംഎൽഎമാരെ തുറന്നുവിട്ടു. കോൺഗ്രസിന്‍റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേർത്താൽ 12 പേർ. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. മൂന്ന് സ്വതന്ത്രർ കൂടി എത്തിയതോടെ മാന്ത്രിക സഖ്യയായ 21 അനായാസം മറികടക്കാം. ബിജെപി – 20, എംജെപി – 2, സ്വതതന്ത്രർ 3. ഭരണത്തുടർച്ചയൊരു സങ്കൽപമായിരുന്ന ഗോവയിൽ അങ്ങനെ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്.
ഗോവയിൽ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ആംആദ്മി അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും രണ്ട് സീറ്റ് അവർക്കും കിട്ടി. പ്രതിപക്ഷത്തെ പാർട്ടികളെല്ലാം ചേർന്ന് വോട്ട് വിഭജിച്ച് കളഞ്ഞെന്നാണ് കോൺഗ്രസ് നേതാവ് പി ചിദംബരം തോൽവിക്ക് കാരണം നിരത്തിയത്.
Post Your Comments